കാസര്‍കോട് കുമ്പളയിലെ ടോള്‍ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി


ടോള്‍ പിരിവിനെതിരെ ജനരോഷം ശക്തമായിരുന്നു

കാസര്‍കോട്: മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോള്‍ ബൂത്തിലെ ടോള്‍ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറില്‍ ടോള്‍ പിരിവ് സ്ഥിരമായി നിര്‍ത്തലാക്കുമെന്നും ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്- യുഡിഎഫ് നേതാക്കള്‍ ഒരിക്കല്‍ പോലും സമീപിച്ചിട്ടില്ലെന്നും ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ കെ സുരേന്ദ്രന്‍, എം എല്‍ അശ്വിനി തുടങ്ങിയവരാണ് കൃത്യമായി ഇടപെട്ടതെന്നും ഹര്‍ഷ് മല്‍ഹോത്ര വ്യക്തമാക്കി.

കുമ്പള ആരിക്കാടി ടോള്‍പ്ലാസക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്‍എച്ച്എഐ ആദ്യം വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിരുന്നില്ലെങ്കിലും ജനരോഷം ശക്തമായതിന് പിന്നാലെ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഇവിടെ പണമായി ടോള്‍ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ പിരിക്കുന്നതും നിര്‍ത്തി. കുമ്പള ആരിക്കാടിയിലെ ഈ ടോള്‍ കോംപ്ലക്‌സ് വരും ദിവസങ്ങളില്‍ തന്നെ പൂര്‍ണമായും പൊളിച്ച് നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ടോള്‍പ്ലാസ നിലവില്‍ വന്ന് പണം പിരിക്കല്‍ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നാലെ ജനുവരി മാസത്തില്‍ ടോള്‍ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.

അതേസമയം ജനകീയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴടങ്ങലെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് പ്രതികരിച്ചിരുന്നു. കുമ്പളയില്‍ ടോള്‍ പിരിവ് അവസാനിപ്പിച്ചത് സമര വിജയമാണെന്നും കോടതി വിധി എതിരാവുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും എകെഎം അഷ്റഫ് പറഞ്ഞിരുന്നു. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ഐതിഹാസിക സമരമാണ് നടത്തിയത്. സമരത്തില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നില്ല. ജനകീയ സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഫേസ്ബുക്കില്‍ അവകാശവാദവുമായി വന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഫേസ്ബുക്കിലെ അവകാശവാദം വിശ്വസിക്കാന്‍ ജനങ്ങള്‍ വിഡ്ഢികളല്ലെന്നും ബിജെപി നേതാക്കളെ ഉന്നമിട്ട് അഷ്റഫ് പറഞ്ഞിരുന്നു.

Scroll to Top