കാസര്‍കോട് : ദേശീയപാതാ നിര്‍മാണമേഖലയില്‍ കാലവര്‍ഷത്തില്‍
വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കമുള്ള ദുരന്തം തടയാന്‍ ജില്ലാ ഭരണസംവിധാനം മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ദേശീയപാതയില്‍ രണ്ടാം റീച്ചായ ചെങ്കള മുതല്‍ നീലേശ്വരം വരെയും മൂന്നാം റീച്ചായ നീലേശ്വരം മുതല്‍ കാലിക്കടവ് വരെയും കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും ദുരന്ത സമാനമായ സാഹചര്യമുണ്ടാക്കിയതിനാലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ഇതുസംബന്ധിച്ച യോഗം ചേര്‍ന്നത്.
ദേശീയപാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, അസി. എന്‍ജിനീയര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം അടിയന്തരമായി തദ്ദേശസ്ഥാപനതലത്തില്‍ ചേരാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് ഏകോപന ചുമതല. കാലവര്‍ഷത്തില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി ദേശീയപാതാ നിര്‍മാണത്തിലെ തത്സ്ഥിതി വിവരങ്ങള്‍ 20-നകം കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കളക്ടര്‍ ദേശീയപാതാ അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
മഴക്കാലത്തിനുമുന്‍പ് ഓവുചാലുമായി ബന്ധപ്പെട്ട പണികള്‍ പൂര്‍ത്തീകരിക്കണം. പഞ്ചായത്തിന്റെ കീഴിലുള്ള ഓവുചാലുകളില്‍ പഞ്ചായത്തിനുതന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാമെന്നും ഇതിനായി തദ്ദേശവകുപ്പ് എന്‍ജിനീയര്‍മാരോട് സ്‌കെച്ചുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കാനും നിര്‍ദേശിച്ചു. ഓവുചാലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം വിളിച്ച് രണ്ട് ദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് യോഗത്തിന്റെ മിനിറ്റ്‌സ് നല്‍കണം. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിര്‍ദേശങ്ങളും എസ്റ്റിമേറ്റുകളും 20-നകം ദേശീയപാതാ അതോറിറ്റിക്ക് കൈമാറണം.
ജില്ലാ വികസനസമിതി യോഗ തീരുമാനപ്രകാരം ദേശീയപാതാ നിര്‍മാണമേഖലയിലെ പരാതികള്‍ അറിയിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദേശീയപാതയിലുണ്ടാകുന്ന വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും nhcomplaintsksd@gmail.com എന്ന ഇ-മെയിലില്‍ അയക്കാം.




