കണ്ണൂരില്‍ കേരളം അവസാനിക്കുന്നോ? ട്രെയിനിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടില്‍ കാസര്‍കോട്ടുകാര്‍…

5 മിനിറ്റ് ഉടവേളകളില്‍ കുതിച്ചോടുന്ന മെട്രോ ട്രെയിനുകളുകളുടെ കാലത്തും ട്രെയിനിനായി 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട ഗതികേടിലാണു കാസര്‍കോട്ടുകാര്‍. അങ്ങിനെയെത്തുന്ന ട്രെയിനുകളിലാവട്ടെ നിന്നുതിരിയാനിടമില്ലാത്ത തിക്കുംതിരക്കും. തൊട്ടടുത്ത പ്രധാന ടൗണായ മംഗളൂരുവിലോ അയല്‍ജില്ലയായ കണ്ണൂരിനോ നേരിടേണ്ടതില്ലാത്ത ഈ ഒരു ദുരിതം കാസര്‍കോടിനു മാത്രം അനുഭവിക്കാന്‍ വിധിക്കുന്നതാരാണ്?
മംഗളൂരുവിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ ചിലതു കാസര്‍കോട് വഴി നീട്ടുന്നതാണു പരിഹാരം. അതിനുള്ള നടപടികളൊന്നുമില്ല. മംഗളൂരുവില്‍നിന്ന് കാസര്‍കോട് വരണമെങ്കില്‍ പലപ്പോഴും ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 3 മണിക്കൂറാണ്. കോഴിക്കോട് ഭാഗത്തു നിന്നാകട്ടെ വൈകിട്ട് 6 കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ട്രെയിന്‍ തന്നെ പല ദിവസങ്ങളിലും ഇല്ല.

ട്രെയിനുകളുടെ എണ്ണവും സൗകര്യപ്രദമായ സമയക്രമവും സംബന്ധിച്ച് മധ്യ-തെക്കന്‍ ജില്ലകളുമായി തട്ടിച്ചുനോക്കിയാല്‍ വടക്കേ മലബാറിലെ ട്രെയിന്‍ യാത്രക്കാരോട് പതിറ്റാണ്ടുകളായി അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ യഥാര്‍ഥ ചിത്രം പുറത്തുവരും. തെക്കോട്ട് പോകും തോറും മിനിറ്റുകളുടെ ഇടവേളകളില്‍ ട്രെയിനുകള്‍ ഓടുമ്പോള്‍ ഇവിടെ മണിക്കൂറുകളുടെ ഇടവേളകളിലാണ് ട്രെയിന്‍ ഓടുന്നത്.

നീണ്ട ഇടവേളകള്‍; വലഞ്ഞ് യാത്രകള്‍
ട്രെയിനുകളുടെ സമയക്രമത്തിലെ പോരായ്മ ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. രാവിലെ 11.05ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്‌സസ്പ്രസിന് ശേഷം 1.55ന് ആണ് ചെന്നൈ മെയില്‍ പുറപ്പെടുന്നത്. 2.20ന് പുറപ്പെടുന്ന തിരുവനന്തപുരം എക്‌സ്പ്രസ് കഴിഞ്ഞാല്‍ പിന്നെ 4.55ന് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് വരെ വേറെ ട്രെയിനില്ല. വൈകിട്ട് 6.15നുള്ള മലബാര്‍ എക്സ്പ്രസ് കഴിഞ്ഞാല്‍ അടുത്ത പ്രതിദിന വണ്ടി 11.45നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ആണ്. വൈകിട്ട് 6നു ശേഷം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കാലങ്ങളായി ഉള്ളത്.

കണ്ണൂരില്‍ കേരളം അവസാനിക്കുന്നോ?
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്സ്പ്രസ് കാസര്‍കോട് ഭാഗത്തേക്ക് പുറപ്പെടുന്നത് വൈകിട്ട് 6.05ന് ആണ്. അതു കഴിഞ്ഞാല്‍ കാസര്‍കോട്ടേക്ക് പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ ഒന്നും തന്നെയില്ല. വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടും കണ്ണൂരും പോയി മടങ്ങാന്‍ എത്രയോ വര്‍ഷങ്ങളായി കാസര്‍കോട്ടുകാര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഒന്‍പതോളം ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നുണ്ട്. അതില്‍ കുറച്ചെണ്ണം കാസര്‍കോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാല്‍ തന്നെ യാത്രാക്ലേശത്തിനു പരിഹാരമാകും.
മംഗളൂരുവിലും കാസര്‍കോട്ടും ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഇല്ലെങ്കില്‍ റെയില്‍വേക്ക് വിശാലമായ ഭൂമിയുള്ള നീലേശ്വരം, ഉള്ളാള്‍ പോലെയുള്ള സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ രാത്രി നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ചെറിയ കിലോമീറ്ററുകളുടെ ഇടവേളകളില്‍ പോലും അമൃത് ഭാരത് എക്സ്പ്രസിനു സ്റ്റോപ് അനുവദിച്ചപ്പോള്‍ കണ്ണൂര്‍ വിട്ടാല്‍ കാസര്‍കോട് മാത്രമാണ് സ്റ്റോപ്. നഗരസഭകളിലെങ്കിലും സ്റ്റോപ് അനുവദിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

Scroll to Top