ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന; പുതുയുഗ യാത്രയില്‍ ജനങ്ങളുമായി സംവദിച്ച് പ്രതിപക്ഷ നേതാവ്

കാസര്‍കോട്: യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘സംവദിക്കാം, പുതുയുഗത്തിനായ്’ എന്ന പരിപാടിയില്‍ ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജില്ലയിലെ ബഹുജന സമിതി പ്രതിനിധികളുമായും വ്യക്തികളുമായും അദ്ദേഹം സംവദിച്ചു.

ഭാഷാ ന്യൂനപക്ഷങ്ങള്‍, എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍, എയിംസ് കൂട്ടായ്മ, വ്യാപാരി വ്യവസായികള്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ്, ബസ് ഓപ്പറേറ്റര്‍മാര്‍, കരാറുകാര്‍, ഖാദി-കൈത്തറി തൊഴിലാളികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഇരുപത്തി അഞ്ചിലധികം സംഘടനകളുടെയും വിവിധ തൊഴിലാളി വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ആശയങ്ങളും പരാതികളും അവതരിപ്പിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെയും പൊലീസ് അതിക്രമങ്ങളുടെയും ഇരകളും പരാതികളുമായെത്തി. വിദ്യാര്‍ഥികളും യുവജനങ്ങളും അഭിപ്രായങ്ങള്‍ പങ്കുവച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യ രംഗത്ത് കാസര്‍ഗോഡ് ജില്ല നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. പാരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. വികസനത്തിന്റെ ഇരകളെ ചേര്‍ത്തുപിടിക്കുന്ന കര്‍മ പദ്ധതിയും തയാറാക്കും. ടൂറിസം, വ്യവസായ മേഖലകളില്‍ ജില്ലയ്ക്ക് മുന്നേറുവാനുള്ള അവസരം സൃഷ്ടിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, അനൂപ് ജേക്കബ്, യു.ഡി.എഫ് സെക്രട്ടറി സി.പി ജോണ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ഡി.സി.സി അധ്യക്ഷന്‍ പി.കെ ഫൈസല്‍, യു.ഡി.എഫ് ചെയര്‍മാന്‍ കല്ലട്ര മാഹീന്‍ ഹാജി കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top