ചട്ടന്‍ചാല്‍: കാസറഗോഡ് കുണിയയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാജ്യാന്തര-ദേശീയ പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം അതിഥികള്‍ക്ക് ജില്ലയിലെ സമസ്തയുടെ അഭിമാന സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) വിശാലമായ ആതിഥ്യം ഒരുക്കിയിരിക്കുകയാണ്.
ചരിത്ര പ്രാധാന്യമുള്ള ഈ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോ സ്റ്റാളുമായി ബന്ധപ്പെട്ട അംഗങ്ങള്‍ക്കും വിദേശ പ്രതിനിധികള്‍ക്കും എ.സി. റൂമുകള്‍ ഉള്‍പ്പെടെയുള്ള സുഖപ്രദമായ താമസ-വിശ്രമ സൗകര്യങ്ങളാണ് എം.ഐ.സി മാനേജ്മെന്റ് സജ്ജമാക്കിയിരിക്കുന്നത്. സമ്മേളന ദിനങ്ങളില്‍ അതിഥികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ അഞ്ഞൂറോളം അതിഥികള്‍ക്ക് ഒരേസമയം താമസ സൗകര്യം ഒരുക്കി ആതിഥ്യം നടത്തിവരികയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചട്ടന്‍ചാലിലെ മാഹിനാബാദില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സമ്മേളന നഗരിയില്‍ നിന്ന് വെറും എട്ട് കിലോമീറ്റര്‍ മാത്രം അകലെയാണ്. ഗതാഗത സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സ്ഥാനം എന്നതോടൊപ്പം ശാന്തവും സുഖകരവുമായ അന്തരീക്ഷം അതിഥികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റുമാരായിരുന്ന മര്‍ഹൂം സി.എം. ഉസ്താദും യു.എം. ഉസ്താദും പ്രധാന ശില്പികളായ ഈ സ്ഥാപനം 1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം മുതല്‍ തന്നെ സമസ്തയുടെ ദര്‍ശനവും വിദ്യാഭ്യാസ-സാമൂഹിക സേവന ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് എം.ഐ.സി പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ന് വിശാലമായ പത്ത് ഏക്കര്‍ സ്ഥലത്ത് പത്തിലധികം അനുബന്ധ സ്ഥാപനങ്ങളോടെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് ശക്തമായ സാന്നിധ്യമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാറിക്കഴിഞ്ഞിട്ടുണ്ട്.
സമസ്തയുടെ ദേശീയ വിദ്യാഭ്യാസ സ്ട്രീമായ എസ്.എന്‍.ഇ.സി, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ ദാറുല്‍ ഇര്‍ഷാദ് അക്കാദമി, അനാഥ അഗതി മന്ദിരം എന്നിവ ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ സൗജന്യമായി താമസിച്ച് പഠിക്കുന്ന സ്ഥാപനം കൂടിയാണ് എം.ഐ.സി. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും ചേര്‍ത്തു മുന്നോട്ടു പോകുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു.
സമസ്തയുടെ നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ വിജയത്തിന് എം.ഐ.സി ഒരുക്കുന്ന ഈ ആതിഥ്യ സംവിധാനങ്ങള്‍ വലിയ സംഭാവനയാണെന്ന് വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രശംസിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എം ഐ സി സന്ദര്‍ശിച്ചപ്പോള്‍




