തലശ്ശേരി.പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും, ഗ്രന്ഥകാരനുമായിരുന്ന ഒ അബു സാഹിബിന്റെ ഓര്‍മ്മയ്ക്കായി തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പതിനേഴാമത് സ്മാരക പുരസ്‌കാരം അബ്ദുല്‍ ഖാദര്‍ വില്‍റോഡിക്ക്.നാല് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് പഠന- ഗവേഷണ രംഗത്ത് സജീവ സാന്നിധ്യമായ സാഹിത്യകാരനും,മദ്രസ അധ്യാപകനുമാണ് കുമ്പള ഇച്ചിലമ്പാടി സ്വദേശിയായ അബ്ദുല്‍ ഖാദര്‍ വില്‍റോഡി. മാപ്പിളപ്പാട്ട് സാഹിത്യത്തിന് വില്‍ റോഡി നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.പതിനായിരത്തി ഒന്ന് (10.0001)രൂപയും, ശില്പവും,പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
1966 കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ഇച്ചിലമ്പാടി ഗ്രാമത്തില്‍ പ്രശസ്ത മാപ്പിള കവിയും,’പാടിപ്പറയല്‍” കലാകാരനുമായ പി കെ മുഹമ്മദ് മുസ്ലിയാര്‍-ഖദീജ ദമ്പതികളുടെ മകനായി ജനിച്ച അബ്ദുല്‍ ഖാദര്‍ വില്‍റോഡി 80 കളുടെ മധ്യത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ‘പുതുനാമ്പുകളിലൂടെ”യാണ് എഴുത്ത് ലോകത്തേക്ക് വന്നത്. മാപ്പിളപ്പാട്ടുകളുടെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്നതില്‍ വില്‍റോഡി വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ‘മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം സബീന പാട്ടുകളിലൂടെ”, മാപ്പിള കവികള്‍ എന്നീ ഗ്രന്ഥങ്ങള്‍ മാപ്പിളപ്പാട്ട് ഗവേഷണ ശാഖയിലെ പ്രധാന കൃതികളാണ്. ആനുകാലികങ്ങളില്‍ കഥയും,കവിതയും, ലേഖനങ്ങളും എഴുതുകയും മാപ്പിളപ്പാട്ടുമായി ബന്ധപ്പെടുത്തി ഗൗരവമേറിയ പഠനക്കുറിപ്പുകളിലൂടെയാണ് വില്‍റോഡി വായനക്കാര്‍ക്ക് സുപരിചിതനായത്.
മാപ്പിള കലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വില്‍റോഡിക്ക് കാസര്‍ഗോഡ് വെച്ച് നടന്ന’പക്ഷിപ്പാട്ട്” സാഹിത്യ സെമിനാറിലും അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.റഹ്‌മാന്‍ താലയങ്ങാടി,ടി കെ ഡി മുഴപ്പിലങ്ങാട്,ഫനാസ് തലശ്ശേരി എന്നിവര്‍ അടങ്ങിയ ജൂറിയാണ് ഒ അബു സ്മാരക പുരസ്‌കാര ജേതാവായി വില്‍റോഡിയെ തിരഞ്ഞെടുത്തത്.2026 ഏപ്രിലില്‍ തലശ്ശേരിയില്‍ നടക്കുന്ന ഒ അബൂ അനുസ്മരണ ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ വില്‍റോഡി lക്ക് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് തലശ്ശേരി മാപ്പിള കലാ കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ:’പക്ഷിപ്പാട്ട്” സാഹിത്യ സെമിനാറില്‍ അബ്ദുല്‍ ഖാദര്‍ വില്‍റോഡിക്ക് നല്‍കിയ അവാര്‍ഡും, ആദരവും(ഫയല്‍ ഫോട്ടോ)




