ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍; സ്റ്റോപ്പ് ആവശ്യപ്പെട്ടാല്‍ മുഖം തിരിക്കും; വികസനത്തില്‍ അവഗണന

കുമ്പള: റെയില്‍വേ സ്റ്റേഷനില്‍ 34 ഏക്കറോളം വരുന്ന വിശാലമായ സ്ഥല സൗകര്യമുണ്ട്. കണ്ണൂര്‍-കാസര്‍കോട്-മംഗളൂരു സ്റ്റേഷനുകള്‍ക്കിടയില്‍ ഇത്രയേറെ സ്ഥല സൗകര്യമുള്ള റെയില്‍വേ സ്റ്റേഷന്‍ മറ്റെവിടെയുമില്ല. അതുകൊണ്ട് തന്നെയാണ് നാട്ടുകാര്‍ രണ്ട് പതിറ്റാണ്ട് കാലമായി വികസനത്തിനായി മുറവിളി കൂട്ടുന്നതും.

അപൂര്‍ണ്ണമായ വികസന പദ്ധതികള്‍
കുമ്പളയില്‍ ഘട്ടം ഘട്ടമായി വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോം മോടിപിടിപ്പിച്ചതും, ആവശ്യത്തിന് ഇരിപ്പിടങ്ങളും യാത്രക്കാര്‍ക്കായി ശൗചാലയം ഉള്‍പ്പെടെയുള്ള വിശാലമായ വിശ്രമകേന്ദ്രവും ഒരുക്കിയതും. വികസനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ ലിഫ്റ്റ് നിര്‍മ്മാണവും നടന്നുവരുന്നു. എന്നാല്‍ യാത്രക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളോട് റെയില്‍വേ അധികൃതര്‍ ഇപ്പോഴും മുഖം തിരിക്കുകയാണ്.

സാറ്റലൈറ്റ് സ്റ്റേഷന്‍ പദവി
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ കാടുമൂടിക്കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി ഇതിനെ ഒരു ‘സാറ്റലൈറ്റ്’ സ്റ്റേഷനായോ ‘ടെര്‍മിനല്‍’ സ്റ്റേഷനായോ ഉയര്‍ത്തണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ മംഗളൂരുവിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും കുമ്പളയില്‍ നിര്‍ത്തിയിടാനുള്ള സ്ഥലസൗകര്യം ലഭിക്കും. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രാലയത്തിന് നിവേദനങ്ങള്‍ നല്‍കി വരികയാണ്.
സ്റ്റോപ്പുകള്‍ക്കായി പ്രതിഷേധം
കുമ്പളയിലെയും സമീപത്തെ ഏഴോളം പഞ്ചായത്തുകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനാണിത്. മംഗളൂരുവിലെ കോളേജുകളിലും ആശുപത്രികളിലും പോകുന്ന വിദ്യാര്‍ത്ഥികളും രോഗികളും വ്യാപാരികളും നിത്യേന ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
ജില്ലയില്‍ മികച്ച വരുമാനമുള്ള സ്റ്റേഷനുകളില്‍ ഒന്നായിട്ടും ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരശുറാം എക്സ്പ്രസ്സിനും (16649/50) മാവേലി എക്സ്പ്രസ്സിനും (16603/04) കുമ്പളയില്‍ സ്റ്റോപ്പ് വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.

Scroll to Top