എം.എല്‍.എയോട് മോശമായി പെരുമാറിയ സംഭവം; കലക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

കാസര്‍കോട്: കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കെത്തിയ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫിനോട് കലക്ടര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ കലക്ടര്‍ ഇമ്പശേഖറിനോട് ചീഫ് സെക്രട്ടറി അടിയന്തര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് എ.കെ.എം. അഷ്‌റഫും ഹൈകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങും സര്‍ക്കാറിന് നല്‍കിയ പരാതികളിലാണ് ജില്ല കലക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്.

കുമ്പള ടോള്‍ പിരിവിനെതിരെ നടന്ന ജനകീയസമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കലക്ടര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം മഞ്ചേശ്വരം എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരനേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ കലക്ടര്‍ എം.എല്‍.എ അടക്കമുള്ളവരെ കലക്ടറുടെ ചേംബറില്‍നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ഗണ്‍മാനോട് നിര്‍ദേശിച്ചുവെന്നാണ് ആരോപണം. പ്രോട്ടോകോള്‍ പ്രകാരം കലക്ടര്‍ക്ക് മുകളിലാണ് നിയമസഭ അംഗം എന്ന മാനദണ്ഡം പോലും മനസ്സിലാക്കാതെ എം.എല്‍.എയെ പുറത്താക്കാനും അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചത് ചട്ടലംഘനമാണെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാട്ടി.

Scroll to Top