ദേശീയ തായ്ക്വോണ്‍ഡോയില്‍ കാസര്‍കോട്ടുകാരിക്ക് സ്വര്‍ണ്ണ മെഡല്‍

2025 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ ബാംഗ്ലൂരില്‍ വച്ച് നടന്ന ദേശീയ ജൂനിയര്‍ തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കേരളത്തിനും കാസര്‍കോട് ജില്ലയ്ക്കും അഭിമാനമായി വിദ്യാനഗര്‍ പടുവടുക്കത്തെ എ എം ഫാത്തിമ.

നീണ്ട 10 വര്‍ഷത്തെ തായ്ക്വോണ്‍ഡോ പരിശീലനതിനോടുവില്‍ ദേശീയ ചാമ്പ്യനാവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. ഇത്തവണ കേരള തായ്ക്വോണ്‍ഡോ ടീമാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. ഓവറോള്‍ നേടിയ ടീമിന്റെ ഭാഗമാവുക എന്നത് എക്കാലവും അഭിമാനകരമായ നേട്ടം തന്നെയാണ്.
തായ്ക്വോണ്‍ഡോയില്‍ സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി 6ാം തവണയും ഗോള്‍ഡ് മെഡല്‍ നേടിയാണ് ഫാത്തിമ ഇത്തവണ ദേശീയ മത്സരത്തിന് ഇറങ്ങിയത്. സംസ്ഥാനത്ത് സ്വര്‍ണ്ണം നേടിയ ആദ്യത്തെ രണ്ടു തവണയും കൊറോണ കാലം ആയതിനാല്‍ ഫെഡറേഷന്‍ ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കാത്തതിനാല്‍ അവസരം നഷ്ടപ്പെട്ടു..കൊറോണയ്ക്ക് ശേഷം നടന്ന ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനായില്ലെങ്കിലും, പിന്നീട് നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നാടിന് അഭിമാനമായി. ദേശീയ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ എന്ന ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷവും ഫാത്തിമ നിരവധി ഔദ്യോഗിക മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി. ഖേലോ ഇന്ത്യ സൗത്ത് സോണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണവും ദേശീയ തലത്തില്‍ വെങ്കലവും നേടാനായി. കൂടാതെ തായ്ക്വോണ്‍ഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ദേശീയ സ്‌കൂള്‍ ഗെയിംസിലും വെള്ളി മെഡല്‍ നേടി ഇരട്ട വിജയം കരസ്തമാക്കിയിരുന്നു. തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ദ്ധിയാണ്. അകാലത്തില്‍ മണ്മറഞ്ഞുപോയ പിതാവ് അഡ്വക്കേറ്റ് അഷ്‌റഫിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് വീട്ടമ്മയായ ജമീലയുടെയും കുടുംബത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനയുമാണ്. അധ്യാപകരും വോയിസ് ഓഫ് പടുവടുക്കം ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും ഫാത്തിമയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും പരിഗണനയും ആദരവും നല്‍കുന്നുണ്ട്.

Scroll to Top