യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൃപേഷ്-ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സി കെ 13 പുത്തൂര്‍ ചാമ്പ്യന്‍മാരായി. ഫാല്‍കണ്‍ കളനാട് റണ്ണേഴ്‌സ് അപ്പായി.
ജില്ലയിലെ തെരഞ്ഞെടുത്ത 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് കായിക പ്രേമികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. വിജയികളായ സി കെ 13 പുത്തൂരിന് ട്രോഫി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയുടെ സാന്നിധ്യത്തില്‍ എഐസിസി നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി വിതരണം ചെയ്തു. റണ്ണേഴ്‌സ് ട്രോഫി കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ നല്‍കി.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നിസാര്‍ ചെങ്കള, സാജിദ് കുണ്ടില്‍, വസീം പുത്തൂര്‍, അന്‍സാരി കോട്ടക്കുന്ന്, ഗില്‍സണ്‍ ക്രാഷ്ട, അന്‍സീര്‍ ചേരൂര്‍, ഷാഹു എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. കായിക പ്രേമികളും നാട്ടുകാരും വലിയ ആവേശത്തോടെ പങ്കെടുത്ത ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.




