ബോധപൂര്‍വം ഇരട്ട അപേക്ഷ നല്‍കുന്നവര്‍ക്കെതിരേ നടപടി -കളക്ടര്‍

കാസര്‍കോട് : പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ
ഭാഗമായി വിവിധ മണ്ഡലങ്ങളില്‍ ഇരട്ട അപേക്ഷകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട അപേക്ഷകള്‍ കണ്ടെത്തിയാല്‍ ശരിയായ അപേക്ഷ സ്വീകരിക്കും. രണ്ടുതവണ അപേക്ഷ നല്‍കിയത് ബോധപൂര്‍വമാണെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം അത് കുറ്റകൃത്യമാണ്. ഇതുവരെ ലഭിച്ച പരാതികളിലും കൂട്ടിച്ചേര്‍ക്കല്‍ അപേക്ഷകളിലുമുള്ള നടപടികള്‍ 14-ന് പൂര്‍ത്തിയാകും. 22-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇത് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ലഭ്യമാക്കും. തുടര്‍ന്നും അപേക്ഷ നല്‍കാന്‍ അവസരമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിന് എല്ലാവരുടെയും പൂര്‍ണമായ സഹകരണവും കളക്ടര്‍ അഭ്യര്‍ഥിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ജില്ലയില്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ അഭിപ്രായം അറിയുന്നതിന് എല്ലാ വെള്ളിയാഴ്ചകളിലും കളക്ടറുടെ ചേംബറില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആര്‍.ഡി.ഒ. ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജേഷ്, വി.പി. രഘുമണി, എം. റമീസ് രാജ, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. കെ. ബാലഗോപാലന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹാരിസ് ചൂരി, ടി.എം.എ. കരീം, മാമുനി വിജയന്‍, പി. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top