തുടക്കം നിരാശ; ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്
ഐ എസ് എല്‍ 2025 -26 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളത്തിന്റെ സ്വന്തം ടീം തോല്‍വി വഴങ്ങിയത്.
മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കായി ജാമി മക്ലാരന്‍ 36-ാം മിനിറ്റിലും ടോം അല്‍ഡേര്‍ഡ് രണ്ടാം പകുതിക്ക് ശേഷമുള്ള അധിക സമയത്തും ഗോള്‍ നേടി.
മത്സരം തുടങ്ങിയത് മുതല്‍ മോഹന്‍ ബഗാന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. മത്സരത്തില്‍ മോഹന്‍ ബഗാന്‍ 23 ഷോട്ടുകള്‍ അടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഉതിര്‍ക്കാനായത് വെറും രണ്ട് ഷോട്ടുകള്‍. ബഗാന്‍ 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കയ്യിലുണ്ടായിരുന്നത് 35 ശതമാനം സമയം മാത്രം.
ഫെബ്രുവരി 22 ന് മുംബൈ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയത്തോടെ സീസണിലേക്ക് തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമം.




