സമസ്ത സമ്മേളന വിജയം വരും നൂറ്റാണ്ടിലേക്കുള്ള പ്രവര്‍ത്തനത്തിന് കരുത്തേകും -ജിഫ്രി തങ്ങള്‍

കുണിയ : സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ വിജയം വരും
നൂറ്റാണ്ടിലേക്കുള്ള പ്രവര്‍ത്തനത്തിന് കരുത്ത് പകരുമെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ശതാബ്ദി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച നാട്ടുകാരെയും പ്രാദേശിക സ്വാഗതസംഘം പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതിന് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്തയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. അടുത്ത നൂറ്റാണ്ടിലും വിദ്വേഷം കൂടിക്കൊണ്ടിരിക്കുമെന്നതിനാല്‍ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സംഘടനാപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. ദീനിന്റെ സംരക്ഷണത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്. ഭരണകൂടങ്ങളുടെയും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഹകരണം ശതാബ്ദിസമ്മേളനത്തിനുണ്ടായത് സമസ്തയുടെ സമീപനം കൊണ്ടാണ്. റംസാനില്‍ പ്രാര്‍ഥനകള്‍കൊണ്ട് ധന്യമാക്കാനും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ.അബ്ദുള്‍ ഖാദര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാന്‍ ഫൈസി, എം.എസ്.തങ്ങള്‍ മദനി, ചെങ്കള അബ്ദുള്ള ഫൈസി, ഒ.പി.എം.അഷ്‌റഫ്, റഷീദ് ഫൈസി, അബ്ദുള്‍ഖാദര്‍ നദ്വി, ഇബ്രാഹിം ഹാജി, കെ.മോയിന്‍കുട്ടി, അഷ്‌റഫ് റഹ്‌മാനി, മൊയ മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top