വികസനകാര്യത്തില്‍ അവഗണന; പ്രതിഷേധം

പാലക്കുന്ന് : രണ്ട് പഞ്ചായത്തുകളിലെ ആയിരങ്ങള്‍ ആശ്രയിക്കുന്ന
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ വികസനകാര്യത്തില്‍ അധിക്യതര്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ക്ക് പരാതി. ജില്ലയിലെ സ്റ്റേഷനുകളുടെ വികസന ആവശ്യവുമായി എം.പി. അടുത്തനാളില്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും കോട്ടിക്കുളത്തെ പരിഗണിച്ചില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍, വേറെയും നിരവധി ടൂറിസ്റ്റ് ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവയടക്കം എല്ലാമുള്ള നാട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോഴും റിസര്‍വേഷന്‍ സൗകര്യമില്ല. നേരത്തേ ഉണ്ടായിരുന്ന ഈ സൗകര്യം അധികൃതര്‍ അവസാനിപ്പിക്കുകയായിരുന്നു.
പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ പോയെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍ ആണെങ്കിലും അതിന്റെ പ്രയോജനമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കോട്ടിക്കുളത്തെ ടൂറിസം റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ടായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

മലബാര്‍ എക്‌സ്പ്രസ് അടക്കം ഏതാനും ചില തീവണ്ടികള്‍ മാത്രമാണ് കോട്ടിക്കുളത്ത് ഇപ്പോള്‍ നിര്‍ത്തുന്നത്. പരശുറാം എക്സ്പ്രസ്, ചെന്നൈ മെയില്‍ അടക്കമുള്ള ദീര്‍ഘദൂര വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നത് വിനോദസഞ്ചാരികള്‍ക്കടക്കം പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും കുടിവെള്ളത്തിനും സൗകര്യമില്ലാത്തതും പ്രതിഷേധമുയര്‍ത്തുന്നുണ്ട്. പാലക്കുന്ന് ഭരണി ഉത്സവനാളില്‍ ചില തീവണ്ടികള്‍ക്ക് അനുവദിച്ചിരുന്ന താത്കാലിക സ്റ്റോപ്പും ഇപ്പോള്‍ റെയില്‍വേ നിര്‍ത്തലാക്കി.
ഉദുമ, ചെമ്മനാട് പഞ്ചായത്ത് ഭരണസമിതികള്‍, കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കോട്ടിക്കുളം-പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, കോട്ടിക്കുളം വ്യാപാരിസമിതി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്, പാലക്കുന്ന് ലയണ്‍സ് ക്ലബ്, ചന്ദ്രഗിരി ശാസ്താ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്ര ദേവസ്വം ബോര്‍ഡ്, വിവിധ ക്ഷേത്രഭരണസമിതികള്‍, വിവിധ കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ വികസനത്തില്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

Scroll to Top