കടുത്ത വെയിലിനും പൊള്ളുന്ന ചൂടിനുമിടയില്‍ നാളെ വൃതാരംഭം:പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളും, വിശ്വാസികളും ഒരുങ്ങി,ഇനി ദാനധര്‍മ്മങ്ങളുടെ 30 ദിനരാത്രങ്ങള്‍.

കാസര്‍ഗോഡ്.ഇസ്ലാം മത വിശ്വാസികള്‍ കാത്തിരിക്കുന്ന വിശുദ്ധ റംസാന് നാളെ തുടക്കം. കഴിഞ്ഞദിവസം കേരളത്തില്‍ എവിടെയും ‘ചന്ദ്രക്കല” ദൃശ്യമാവാത്തതിനാലാണ് ഷഹബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ വ്യാഴാഴ്ച വൃതാരംഭത്തിന്(റംസാന്‍ 1) തുടക്കം കുറിക്കുന്നത്. അതേസമയം ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നുമുതല്‍ വൃതാരംഭമാണ്.സൗദി അറേബ്യയില്‍ ചന്ദ്രക്കല കണ്ടതോടെയാണ് ഗള്‍ഫ് നാടുകളില്‍ ഇന്ന് റംസാന്‍ ഒന്നായി പ്രഖ്യാപിച്ചത്.

ഒരു മാസത്തെ വ്രതം ഭക്ഷണവിരാമത്തിന്റെ സമയമല്ല,മറിച്ച് ഒരു വിശ്വാസിക്ക് വൃതം നല്‍കുന്ന സ്വാതന്ത്ര്യം അതൊരു വിപ്ലവമായാണ് കാണുന്നത്.കഴിഞ്ഞ 11 മാസങ്ങളിലെ പാപങ്ങള്‍, അനാസ്ഥകള്‍, അഹങ്കാരങ്ങള്‍ക്കെല്ലാം മോചനമാണ് ഈ നോമ്പ് കാലത്തെ 30 ദിനരാത്രങ്ങള്‍.മറ്റൊന്ന് സക്കാത്താണ്. പാവപ്പെട്ടവന്റെ അവകാശമായാണ് നോമ്പുനാളുകളിലെ ദാനധര്‍മ്മങ്ങളെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നാടോട്ടുക്കും ഈ റംസാന്‍ മാസത്തില്‍ മഹല്ലുകളും,സന്നദ്ധ സംഘടനകളും റംസാന്‍ റിലീഫുകള്‍ കൊണ്ട് ഈ മാസത്തെ ധന്യമാക്കുന്നതും. സക്കാത്തിനെ ‘സാമൂഹിക വിപ്ലവം” എന്നാണ് വിശേഷിപ്പിക്കുന്നതും.മത സാഹോദര്യം വിളിച്ചോതുന്ന ഇഫ്താര്‍ സംഗമങ്ങള്‍ വേറെയും.

പകല്‍ മുഴുവന്‍ ഉപവാസം.ഇത് മനുഷ്യ ശരീരത്തെ ശുദ്ധീകരിക്കുന്നു.രാത്രി പ്രത്യേക പ്രാര്‍ത്ഥനകള്‍, തറാവീഹ് നമസ്‌കാരവും.ഇത് നോമ്പുകാരന്റെ ആത്മാവിനെ ഉണര്‍ത്തുന്നു. വിശ്വാസിയെ തിന്മകളില്‍ നിന്നും, അധമ വാസനകളില്‍ നിന്നും മോചിപ്പിച്ച് ഉന്നതമായ മാനുസിക മൂല്യങ്ങളിലേക്ക് ഉണര്‍ത്തുകയാണ് നോമ്പ് ചെയ്യുന്നത്. തന്റെ ആത്മാവിനെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള അവസരമായി നോമ്പുകാലത്തെ വിശ്വാസികള്‍ കാണുന്നു.

കാലാവസ്ഥ വ്യതിയാനം മൂലം ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് നോമ്പുകാലം തുടങ്ങുന്നത്.ഈ മാസം അവസാനം ആകുമ്പോഴേക്കും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാനും,മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതര്‍ ഇതിന് തന്നെ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ഫോട്ടോ:വിശുദ്ധ റംസാനെ വരവേല്‍ക്കാനായി അലങ്കരിച്ചിരിക്കുന്ന പള്ളികള്‍.(മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ്).

Scroll to Top