എസ് ഐ ആര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവരെ ഒഴിവാക്കി, അധ്യാപകര്‍ക്ക് ചുമതല നല്‍കിയത് സ്‌കൂള്‍ പഠനത്തെ ബാധിക്കും

കാസര്‍കോട്്.വോട്ടര്‍ പട്ടിക നവീകരണത്തിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ട അധ്യാപകര്‍ ചുമതല നിര്‍വഹിക്കാന്‍ ഫീല്‍ഡില്‍ പോകുന്ന ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ക്ലാസുകളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് ആശങ്ക. ഇവരുടെ അഭാവത്താല്‍ ക്ലാസ്സ് നടത്തേണ്ടതെങ്ങനെയെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ജില്ലയിലെ പ്രധാന അധ്യാപകരും, അധ്യാപക രക്ഷാകര്‍തൃ സമിതികളും ആശങ്കയിലാണ്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ എല്‍പി,യുപി ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക-അനധ്യാപക ജീവനക്കാര്‍ ഉള്‍പ്പെടെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ടത്. അവര്‍ ഇന്നലെ മുതല്‍ ഈ ചുമതല ഏറ്റെടുക്കുകയും ചെയ്തു. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെയാണ് ഇവര്‍ ബി എല്‍ ഒ മാരായി വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുടെ വിവരം ശേഖരിക്കുന്നത്. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം.

മറ്റു വകുപ്പിലെ ഓഫീസര്‍മാരെ ബിഎല്‍ ഒ മാരായി നിയമിച്ചവര്‍ക്ക് ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തിയശേഷം അവരുടെ മുടങ്ങിയ ജോലി തീര്‍പ്പാക്കാനാകും. എന്നാല്‍ അധ്യാപകര്‍ക്ക് അങ്ങനെയല്ല, പഠിപ്പിക്കേണ്ട പാഠങ്ങള്‍ ഒരു മാസം കഴിഞ്ഞ് പഠിപ്പിക്കാം എന്നത് പ്രാവര്‍ത്തികമല്ല. കൃത്യമായി ക്ലാസ് നടക്കാതിരുന്നാല്‍ ക്രിസ്മസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ മികവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പ്രധാനാധ്യാപകരും, പിടിഎയും.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ ബി എല്‍ ഒ മാരായി നിയമിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്‌ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കെ യാണ് ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് ഉത്തരവ് ആശക്കുഴപ്പയത്തിനിടയാക്കിയത്.

അതിനിടെ ഓരോ ബൂത്തിലും ആയിരത്തോളം വോട്ടര്‍മാരാണുള്ളതെങ്കിലും മിക്കയിടങ്ങളിലും ആദ്യം കൈമാറിയത് 300 പേര്‍ക്കുള്ള എന്യൂമറേഷന്‍ ഫോമാണ്. അച്ചടി പൂര്‍ത്തിയാകാത്തതാണ് വിതരണം ഭാഗികമാകാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം ശേഷിക്കുന്ന ഫോമുകള്‍ വരും ദിവസങ്ങളില്‍ എത്തിച്ചു നല്‍കും.

Scroll to Top