ജെന്‍സീ തലമുറയ്ക്കുള്ള മരുന്നാണ് പുസ്തകങ്ങള്‍ -പി.വി. ഷാജികുമാര്‍

രാജപുരം : ജെന്‍സി തലമുറയെ ആര്‍ദ്രതയും സ്‌നേഹവും
കാരുണ്യവുമുള്ളവരാക്കാന്‍ കഴിയുന്ന മരുന്നാണ് പുസ്തകങ്ങളും വായനയുമെന്ന് എഴുത്തുകാരന്‍ പി.വി. ഷാജികുമാര്‍. രാജപുരം സെയ്റ്റ് പയസ് ടെന്‍ത് കോളേജില്‍ മാതൃഭൂമി ബുക്സിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമാസക്തമായ ഉള്ളടക്കമുള്ള ഇന്ത്യന്‍ സിനിമകളും കൊറിയന്‍, ജപ്പാന്‍ അനിമേഷനുകളും സീരീസുകളും പുതിയ തലമുറയെ അപകടകരമായ രീതിയില്‍ സ്വാധിനിക്കുകയാണ്. നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ക്വട്ടേഷന്‍ ടീമുകളായി തിരിഞ്ഞ് വിദ്യാര്‍ഥികള്‍ പരസ്പരം തല്ലിക്കൊല്ലുകയും അടിച്ച് തീര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്നും പി.വി. ഷാജി കുമാര്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷനായി. പുസ്തകോത്സവത്തില്‍ ആദ്യ പുസ്തക വില്‍പ്പന കോളേജ് ബര്‍സാര്‍ ഫാ. റോബിന്‍ പ്ലാച്ചേരിപ്പുറത്ത് നിര്‍വഹിച്ചു. അതുല്യ കുര്യക്കോസ്, ഡോ. പി.എ. ബിബിന്‍, സി. എമിലി, കെ. പ്രജിത്ത്. വി.കെ. സുരേഷ് കുമാര്‍, മാതൃഭൂമി ബുക് പ്രതിനിധി വി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകോത്സവം ഇന്ന് സമാപിക്കും.

Scroll to Top