കാസര്‍കോട്: ഡല്‍ഹി ആസ്ഥാനമായുള്ള വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ഓര്‍ഗനൈസേഷന്റെ ഹോണററി ഡോക്ടറേറ്റിന് ഇ. അബ്ദുള്ളക്കുഞ്ഞി അര്‍ഹനായി. വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വി.സി.ഇ.ഒയുടെ ഹോണററി ഡോക്ടറേറ്റ് അവാര്‍ഡ്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഗുല്‍ഷന്‍ ഗ്രോവര്‍ ഹോണററി ഡോക്ടറേറ്റ് ഇ. അബ്ദുള്ളക്കുഞ്ഞിക്ക് സമ്മാനിച്ചു.
കാസര്‍കോട് വിദ്യാഭ്യാസ, സാമൂഹിക മേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തി വരുന്ന അബ്ദുള്ള കുഞ്ഞി ആരോഗ്യ വകുപ്പിലെ ഗ്രേഡ് 2 ജീവനക്കാരനായിരുന്നു. 12 വര്‍ഷം മുമ്പ് ജോലി രാജിവച്ച് മുഴുവന്‍ സമയം വ്യവസായ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ സജീവമായി. കാല്‍ നൂറ്റാണ്ടായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കാസര്‍കോട് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാനായ അബ്ദുള്ളക്കുഞ്ഞിയുടെ നേതൃത്വത്തില്‍ റോഡപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 2013ല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് സുരക്ഷാ സന്ദേശ യാത്ര നടത്തിയിരുന്നു. യാത്രയുടെ ഭാഗമായി അഞ്ഞൂറോളം റോഡപകട ദൃശ്യങ്ങളുമായി എല്ലാ ജില്ലകളിലും ചിത്ര പ്രദര്‍ശനവും ഒരുക്കിയിരുന്നു. ജില്ലയില്‍ ആദ്യമായി മോട്ടോര്‍ വാഹനവകുപ്പിനു കീഴില്‍ ട്രോമാ കെയര്‍ യൂനിറ്റ് രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുകയും അതിന്റെ സെക്രട്ടറിയുമായി.
ലോക്കല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അബ്ദുള്ള ക്കുഞ്ഞിയുടെ നിര്‍ദേശമാണ് 2010ല്‍ കാസര്‍കോട്ടെ സ്വകാര്യ ബസുകള്‍ക്ക് നീല നിറം നല്‍കണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിലേക്ക് എത്തിയത്. ഇതു പിന്നീട് കേരളമാകെ നടപ്പിലായി. കാസര്‍കോട് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 125ഓളം ആരോഗ്യ ക്യാംപുകള്‍ നടത്തിയിട്ടുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി സ്‌കൂളുകളില്‍ റോഡ് സേഫ്റ്റി ക്ലബുകള്‍ രൂപീകരിച്ചു.
ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബ്ദുള്ളക്കുത്തി, എതിര്‍ത്തോട്, ബേര്‍ക്ക, മാവിനക്കട്ട എന്നിവിടങ്ങളില്‍ അല്‍ബിര്‍ പ്രീ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ബിസ് മി ഇസ് ലാമിക സ്‌കൂള്‍ ഉടമയായ അബ്ദുള്ളക്കുഞ്ഞി കര്‍ഷകശ്രീ മില്‍ക്ക് ഡയറക്ടര്‍ കൂടിയാണ്. ‘കോട്ടകളുടെ നാട്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ‘ആരക്’ എന്ന ഹ്രസ്വ ചിത്രവും നിര്‍മിച്ചിട്ടുണ്ട്.




