കാസര്‍കോട് റോബോട്ടിക്‌സ് ക്ലാസ് സംഘടിപ്പിച്ചു; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം

കാസര്‍കോട്:

വിദ്യാര്‍ത്ഥികള്‍ക്കായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യയും ക്യൂരിയോസിറ്റി വീക്കെന്‍ഡ്സും ചേര്‍ന്ന് റോബോട്ടിക്‌സ് ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 23 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
റോബോട്ടിക്‌സ് എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കുട്ടികള്‍ക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. വെറുതെ കേട്ടിരിക്കുക എന്നതിന് പകരം, റോബോട്ടുകളെ എങ്ങനെ നിര്‍മ്മിക്കാമെന്നും അവ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നുമുള്ള ആദ്യ പാഠങ്ങള്‍ കുട്ടികള്‍ നേരിട്ട് പഠിച്ചു.
ക്യൂരിയോസിറ്റി വീക്കെന്‍ഡ്സിലെ മുഹമ്മദ് അഫ്കര്‍ എം.എ, അഹ്ബാന്‍ അഹമ്മദ്, ഹര്‍ഷ് രാജ് ഷെട്ടി. ബി, സിനാന്‍ എന്നിവരാണ് കുട്ടികള്‍ക്ക് ക്ലാസുകളെടുത്തു നല്‍കിയത്. റോബോട്ടിക്‌സിന്റെ അടിസ്ഥാന കാര്യങ്ങള്‍ കുട്ടികള്‍ വളരെ താല്പര്യത്തോടെയാണ് പഠിച്ചെടുത്തത്. അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്ക് പിന്തുണ നല്‍കിയ ലിങ്ക് ഗ്രൂപ്പ്, ലിറ്റില്‍ കൈറ്റ്‌സ് അലുമിനി എന്നിവര്‍ക്കും, കുട്ടികളെ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കള്‍ക്കും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ നന്ദി പറഞ്ഞു. ബെറ്റര്‍ ലൈഫ് ഇന്ത്യ പ്രോഗ്രാം കോര്‍ഡിനേറ്റന്മാരായ അനുരാഗ് എ , അപര്‍ണ കെ വി, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ധന്യശ്രീ, മീഡിയ ഹെഡ് നിയാസ് ചട്ടഞ്ചാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലും കുട്ടികള്‍ക്കായി ഇത്തരം ക്ലാസുകള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll to Top