കാസര്‍കോട് നഗരസഭയില്‍ 2020 മുതല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം –

കാസര്‍കോട് നഗരസഭയില്‍ 2020 മുതല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം –

കാസര്‍കോട്: കാസര്‍കോട് നഗരസഭ പരിധിക്കുള്ളില്‍ 2020 മുതല്‍ നടന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഫയലുകള്‍ വിജിലന്‍സ് വിഭാഗം പരിശോധിച്ച്, അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ തെരുവത്ത് വിജിലന്‍സ് ഐജിക്ക് പരാതി നല്‍കി.

പരാതിയില്‍ പറയുന്നതനുസരിച്ച്, നഗരത്തില്‍ 2008 മുതല്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ അനുസ്യൂതം തുടരുകയാണ്. നിയമങ്ങള്‍ ലംഘിച്ചും നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയും ഉയര്‍ന്നുവന്ന നിരവധി കെട്ടിടങ്ങളാണ് നഗരത്തിലെ ഗതാഗത കുരുക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ തകരാറിനും കാരണമായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

2020 മുതല്‍ നഗരസഭയില്‍ അനുവദിച്ച നിര്‍മാണ അനുമതികള്‍, പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍, ഉപയോഗാനുമതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഫയലുകളും വിജിലന്‍സ് പരിശോധിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, പൊളിച്ചുമാറ്റേണ്ടവ ഉടന്‍ പൊളിച്ചുമാറ്റുകയും ചെയ്യണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

നഗരത്തിന്റെ ഭാവി വികസനവും പൊതുസുരക്ഷയും മുന്‍നിര്‍ത്തി അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll to Top