കാസര്‍ഗോഡ്. വാനാപകടങ്ങളും, അപകടമരണങ്ങളും തുടര്‍ക്കഥയായ കാസര്‍ഗോഡ് അടുക്കത്ത്ബയലില്‍ വൈകിയാണെങ്കിലും അധികൃതര്‍ കണ്ണ് തുറന്നതില്‍ നാട്ടുകാര്‍ക്ക് സന്തോഷം.ഇവിടെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് (മേല്‍ നടപ്പാത) അനുവദിച്ചതായി കഴിഞ്ഞ ദിവസമാണ് അധികൃതരില്‍ നിന്ന് അറിയിപ്പ് ഉണ്ടായത്.
അടുക്കത്ത് ബയലില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിനായി നാട്ടുകാര്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ പോലും കണ്ടിരുന്നു. അടുക്കത്ത് ബയല്‍ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര കമ്മിറ്റിയും, മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചായിരുന്നു കേന്ദ്രമന്ത്രിയെ കണ്ടത്.അന്ന് മന്ത്രി ഉറപ്പും നല്‍കിയതാണ്. എന്നാല്‍ നടപടി വൈകുന്നതില്‍ നിരന്തരമായി ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും ചെയ്തു.ദേശീയപാത നിര്‍മ്മാണ സമയത്ത് തന്നെ ക്ഷേത്രവും, പള്ളിയും സ്ഥിതി ചെയ്യുന്ന അടുക്കത്ത് ബയലില്‍ അടിപ്പാതയോ,മേല്‍ നടപ്പാതയോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിപ്പാത അനുവദിച്ചത് അടുക്കത്ത് ബയല്‍ ഹൈസ്‌ക്കൂളിനടുത്തായിരുന്നു.ഇതേ തുടര്‍ന്ന് ദൂരം കണക്കിലെടുത്ത് അടുക്കത്ത് ബയലില്‍ മേല്‍നടപ്പാത ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവെച്ച് ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് രംഗത്ത് വരികയായിരുന്നു. ഇവിടെ ദേശീയപാത മുറിച്ചു കടക്കവെ ഒരു വീട്ടമ്മ അടക്കം നിരവധി അപകടങ്ങളും, അപകടമരണങ്ങളും സംഭവിച്ചിരുന്നു.
കാസറഗോഡ് പുതിയ ബസ്റ്റാന്‍ഡിനടുത്തുള്ള നുള്ളിപ്പാടിയിലും ഇതേ ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. നുള്ളിപ്പാടി പ്രദേശവാസികള്‍ക്ക് റോഡ് മുടിച്ചു കടക്കണമെങ്കില്‍ കാസര്‍ഗോഡ് ടൗണിനെയോ, അണങ്കൂരിലുള്ള അടിപ്പാതയെയോ ആശ്രയിക്കണം. സ്വകാര്യ ആശുപത്രി അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള നുള്ളിപ്പാടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്ന് ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇവിടെ അടിപ്പാതയോ, മേല്‍ നടപ്പാതയോ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നാട്ടുകാര്‍ യാത്രാ ദുരിതം നേരിട്ടിരുന്നു.ഇതിന് പരിഹാരമായി കഴിഞ്ഞ ദിവസം ആശ്വാസ വാര്‍ത്തയെത്തി.എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ യുഎല്‍സിസി ഉദ്യോഗസ്ഥരും മറ്റും നുള്ളിപ്പാടി പ്രദേശം സന്ദര്‍ശിക്കുകയും, മേല്‍ നടപ്പാത അനുവദിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടൊപ്പം യാത്രാദുരിതം നേരിടുന്ന മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലും മേല്‍ നടപ്പാത അനുവദിച്ചിട്ടുണ്ട്.
ഫോട്ടോ:മേല്‍ നടപ്പാത അനുവദിച്ചുകിട്ടിയ നുള്ളിപ്പാടിയും, അടുക്കത്ത് ബയലും.




