വായനശാലയുടെ വിജ്ഞാനോത്സവ പരിപാടിയുടെ സദസ്സിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്നുപേര്‍ക്ക് പരിക്ക്

കരിന്തളം(കാസര്‍കോട്): പൊതുപരിപാടിയുടെ സദസ്സിലേക്ക് ഓടിക്കയറിയ പന്നിയുടെ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്. ചായ്യോത്ത് എന്‍.ജി. സ്മാരക വായനശാലയുടെ വിജ്ഞാനോത്സവ പരിപാടിക്കിടെയാണ് കാട്ടുപന്നി ഓടിക്കയറിയത്.
ഞായറാഴ്ച വൈകിട്ട് 6.30-നാണ് സംഭവം. കുട്ടികളടക്കം നൂറോളംപേരടങ്ങുന്ന സദസ്സിലേക്കാണ് കൂറ്റന്‍ കാട്ടുപന്നി അക്രമാസക്തമായി ഓടിക്കയറിയത്. വായനശാലാ സെക്രട്ടറി ബി.ബാബുരാജ് (58), എക്സിക്യുട്ടീവ് അംഗം എ.അപ്പു (75), വി.അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പന്നിയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി ഓടി. പരിക്കേറ്റ രണ്ടുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസനസദസ്സിന്റെ സമാപനച്ചടങ്ങില്‍ നന്ദിപറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

Scroll to Top