ഡി.എം.ഒയെ ഉപരോധിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ജില്ല മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു. ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ല ആശുപത്രിക്ക് സമീപത്തെ ജില്ല മെഡിക്കല്‍ ഓഫിസറുടെ മുറിയില്‍ കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കവാടത്തില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. നേതാക്കള്‍ ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ തിങ്കളാഴ്ച ഉച്ചയോടെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

കേരളം നമ്പര്‍ 1 എന്ന് പി.ആര്‍ പരസ്യം നടത്തുന്ന ഇടതുസര്‍ക്കാര്‍ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ നിലവിലില്ല. അവശ്യമരുന്നുകള്‍പോലും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ലഭിക്കുന്നില്ല -യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ആര്‍. കാര്‍ത്തികേയന്‍ പറഞ്ഞു. മാര്‍ട്ടിന്‍ ജോര്‍ജ്, രതീഷ് കാട്ടുമാടം, ജിബിന്‍ പയ്യനൂര്‍, രജിത രാജന്‍, ഷിബിന്‍ ഉപ്പിലിക്കൈ, വസന്തന്‍, ആബിദ് എടച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Scroll to Top