കാസര്‍കോട് കുപ്പിച്ചില്ലുകള്‍കൊണ്ടുള്ള ‘ഖുബ്ബ’യാല്‍ വര്‍ണവിസ്മയം തീര്‍ത്ത് പുതുതായി നിര്‍മിച്ച അടക്കത്ത്ബല്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദ്. ഒമ്പതുമാസംകൊണ്ടാണ് കുപ്പിച്ചില്ലുകള്‍കൊണ്ട് ഖുബ്ബ തയാറാക്കിയിരിക്കുന്നത്. ഇതിനുചുറ്റിലും അല്ലാഹുവിന്റെ 99 നാമങ്ങളുമുണ്ട്. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് ഉത്തരേന്ത്യയിലെ മുസ്ലിം പള്ളികളില്‍ ഇതുപോലെ ചെറിയ കുപ്പിച്ചില്ലുകള്‍ കൊണ്ട് നിര്‍മിച്ച ഖുബ്ബകള്‍ കാണാറുണ്ടെന്നാണ് ചരിത്രന്വേഷികളും വിശ്വാസികളും പറയുന്നത്. എന്നാല്‍, ഇത്രയും വലുത് ആദ്യമായാണ് കാണുന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പത്ത് മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയിലുമാണ് ഇത് പണിതിരിക്കുന്നത്. ഉത്തരേന്ത്യന്‍ വിദഗ്ധര്‍ കാസര്‍കോട്ടെത്തിയാണ് ഇത് പണിതതെന്ന് പള്ളിഭാരവാഹി അബ്ദുല്‍ കരീം പറഞ്ഞു. മൂന്നുനിറങ്ങളിലാണ് ഖുബ്ബ കാണാന്‍ കഴിയുക.
20 ലക്ഷം രൂപയാണ് ഖുബ്ബക്ക് മാത്രമായി ചെലവായത്. വിശുദ്ധ റമദാനിലാണ് ഇത് തുറന്നുകൊടുത്തിരിക്കുന്നത്. നഗരത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക് വ്രതാരംഭത്തിന് തുടക്കമായതോടെ നിരവധി വിശ്വാസികളാണെത്തുന്നത്. കാസര്‍കോട്ടുനിന്ന് മംഗളുരു ഭാഗത്തേക്ക് മൂന്നു കിലോമീറ്റര്‍ അടുത്താണ് പള്ളി.
കെ.എസ്. അലി തങ്ങള്‍ കുമ്പോലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മാലിക് ദീനാര്‍ ഖതീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി വഖ്ഫ് നിര്‍വഹിച്ചു. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാതിഥിയായി. ആദ്യ ജുമാ നമസ്‌കാരം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നടന്നത്.




