മലപ്പുറം: പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. പോരാട്ടമാണ്, അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. തന്റെ പുതിയ പാര്‍ട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
കെടി ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നില്‍ക്കാന്‍ ശേഷിയില്ലെന്നും അന്‍വര്‍ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീല്‍ പറയുമ്പോള്‍ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലമ്പൂര്‍ ആയിഷയുടെ മനസ് തന്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടില്‍ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കില്‍ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലങ്കില്‍ മാപ്പു പറയാനെങ്കിലും തയ്യാറാവണം. പി.ആറില്‍ സി.പി.എമ്മില്‍ നാല്‍പത് അഭിപ്രായങ്ങളുണ്ട്. പറയാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം.ആര്‍.അജിത്ത് കുമാറിനേയും ഭയമാണ്. പാര്‍ട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സി.പി.എം.പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.