പെരിയ ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇപ്പോള്‍ കാല്‍പന്തുകളിയുടെ ആവേശമാണ്. കളിമൈതാനങ്ങള്‍ ഇപ്പോള്‍ ഫ്‌ലഡ് ലിറ്റ് വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നു. വടക്കന്‍ മലബാറിന്‍ന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ മണ്ണില്‍ സെവന്‍സ് ഫുട്‌ബോള്‍ വെറുമൊരു കായികവിനോദം മാത്രമല്ല, വികാരവും ഉത്സവവും കൂടിയാണ്.
നാടിനെ ഉണര്‍ത്തി കളിയുത്സവം
നവംബര്‍ മുതല്‍ മേയ് വരെ നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ സീസണ്‍ ജില്ലയ്ക്ക് ആവേശമാണ്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പടന്ന, പള്ളിക്കര, ബേക്കല്‍, മേല്‍പറമ്പ്, മൊഗ്രാല്‍, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് പ്രാദേശിക ഉത്സവമാണ്. സാധാരണക്കാര്‍ മുതല്‍ പ്രവാസികള്‍ വരെ ആവേശത്തോടെ അണിനിരക്കുന്നു.
ആഫ്രിക്കന്‍ കരുത്തും പ്രാദേശിക പ്രതിഭകളും
സെവന്‍സ് മൈതാനങ്ങളിലെ പ്രധാന ആകര്‍ഷണം വിദേശ താരങ്ങളാണ്. സുഡാന്‍, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ സ്വന്തം നാട്ടില്‍ പന്തുതട്ടുന്നത് കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. അവരോടൊപ്പംതന്നെ പൊരുതി നില്‍ക്കുന്ന തദ്ദേശീയ യുവതാരങ്ങള്‍ക്കും വലിയ കൈയടിയാണ് ലഭിക്കുന്നത്. സന്തോഷ് ട്രോഫി-ഐ ലീഗ് താരങ്ങളെ വരെ മൈതാനങ്ങളില്‍ കാണാം. സെവന്‍സ് ടൂര്‍ണമെന്റുകള്‍ വെറുമൊരു കളി മാത്രമല്ല, ജില്ലയുടെ ഒരു സമാന്തര സമ്പദ്വ്യവസ്ഥയെ തന്നെ ഇത് ചലിപ്പിക്കുന്നു. മൈതാനത്തിന് പുറത്ത് ചായക്കടകള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്ക് വലിയ വരുമാന മാര്‍ഗമാണ്. ഗാലറി നിര്‍മാണം, ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലകളിലും തൊഴിലവസരം തുറക്കുന്നു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍
മിക്ക ടൂര്‍ണമെന്റുകളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാനാണ് നടത്തുന്നത്. ചികിത്സാ സഹായത്തിനും നിര്‍ധനരെ സഹായിക്കാനും ടൂര്‍ണമെന്റ് കമ്മിറ്റികള്‍ മുന്‍ഗണന നല്‍കുന്നു. കാസര്‍കോട്ടെ സെവന്‍സ് ഫുട്ബോളിന്റെ നട്ടെല്ല് പ്രവാസി സമൂഹമാണ്. പ്രവാസി സംഘടനകള്‍ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതും മത്സരങ്ങള്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി തത്സമയം കാണുന്നതും ജില്ലയുടെ സെവന്‍സ് പെരുമ കടല്‍കടത്തുന്നു.
പ്രധാന ടീമുകളും ടൂര്‍ണമെന്റുകളും
ജില്ലയിലെ പ്രമുഖ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പലതും സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എസ്എഫ്എ) അംഗീകാരത്തോടെയാണ് നടക്കുന്നത്. അസോസിയേഷന്‍ അംഗീകാരമുള്ള സംസ്ഥാനത്തെ 18 സെവന്‍സ് ടീമുകളില്‍ ജില്ലയില്‍നിന്ന് ഹീറോസ് പടന്ന, എഫ്‌സി തൃക്കരിപ്പൂര്‍, മൊഗ്രാല്‍ ബ്രദേഴ്സ്, സിറ്റിസന്‍ ഉപ്പള തുടങ്ങിയ ടീമുകളുണ്ടെന്നത് ജില്ലയിലെ സെവന്‍സ് പ്രാധാന്യം വിളിച്ചോതുന്നു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ ഈയിടെ സമാപിച്ച സെവന്‍സ് ടൂര്‍ണമെന്റിന് ആയിരക്കണക്കിനു ഫുട്‌ബോള്‍ പ്രേമികളാണ് ഒഴുകിയെത്തിയത്.
ഏപ്രിലില്‍ കാഞ്ഞങ്ങാട് അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സിന്റെ നേതൃത്വത്തിലും എന്‍എ ട്രോഫിക്കായി കീഴൂരിലും മേയില്‍ ഉപ്പളയിലും സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ ചിത്താരി ഹസീന ക്ലബ്ബും ടൗണ്‍ ടീം തൃക്കരിപ്പൂരിന്റെ നേതൃത്വത്തിലും സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കും. 19 ടീമുകളെ വച്ച് 20 കളികളാണ് എസ്എഫ്എ അംഗീകൃത സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ നടക്കുന്നത്. കുടാതെ ഗ്രാമപ്രദേശങ്ങളിലെ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ചെറിയ സെവന്‍സ് ടൂര്‍ണമെന്റുകളില്‍പോലും മത്സരാവേശവും കാണികളുടെ ആവേശവും ഒട്ടും കുറവല്ല.




