തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ
ആശ്വാസം പകരുന്ന നിര്‍ണ്ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം. പി.എസ്.സി പരീക്ഷാ പ്രായപരിധി ഉയര്‍ത്തിയത് മുതല്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് വരെ ചൊവ്വാഴ്ച, 2026 ഫെബ്രുവരി 24-ന് ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വലിയ ചലനമുണ്ടാക്കുന്ന തീരുമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കാസര്‍കോട് ജില്ലയിലെ പ്രധാന തീരുമാനങ്ങള്‍
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകിക്കൊണ്ട് ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിന് 2026-27 അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജില്ലയിലെ ഏക ബധിര ഹയര്‍ സെക്കന്‍ഡറി വിദ്യാലയമാണിത്. ഇതിന്റെ ഭാഗമായി ആറ് തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തുന്നതിന് മാനേജര്‍ക്ക് അനുമതി നല്‍കി.
നീലേശ്വരം മൃഗാശുപത്രി വളപ്പില്‍ പുതിയ മൃഗസംരക്ഷണ പരിശീലന കേന്ദ്രം (LMTC) പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി കാസര്‍കോട് ആര്‍.എ.എച്ച.സിയില്‍ (RAHC) നിന്നുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കും. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷനിലെ (BRDC) ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കാനും മന്ത്രിസഭതീരുമാനിച്ചു.
© News
പി.എസ്.സി പ്രായപരിധി 40-ലേക്ക്
പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ നാല് വര്‍ഷത്തെ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ല്‍ നിന്നും 40 ആയി ഉയരും. പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്ന മറ്റ് സംവരണ വിഭാഗക്കാര്‍ക്കും തത്തുല്യമായ വര്‍ദ്ധനവ് പുതിയ ഉത്തരവിലൂടെ ലഭ്യമാകും.
വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
പ്രകൃതിദുരന്തങ്ങള്‍ മൂലം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ഇതിന്റെ പ്രീമിയം തുക സര്‍ക്കാര്‍ വഹിക്കും. പാരാമെട്രിക് ഇന്‍ഷുറന്‍സ്, ഇന്‍ഡെമ്നിറ്റി ഇന്‍ഷുറന്‍സ് എന്നീ മാതൃകകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും ലത്തീന്‍ കത്തോലിക്കാ സര്‍ട്ടിഫിക്കറ്റും
ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 1947-ന് മുന്‍പ് വിശ്വാസിയായവരായിരിക്കണം എന്ന നിബന്ധന അശാസ്ത്രീയമെന്ന് കണ്ട് ഒഴിവാക്കി. ഇനി മുതല്‍ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ മതാധിഷ്ഠിത പേരുകള്‍ നല്‍കാന്‍ പാടില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങള്‍:
ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഫനേജ് ഗ്രാന്റ് 1100 രൂപയില്‍ നിന്ന് 1375 രൂപയായി ഉയര്‍ത്തി.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 29 ഹെഡ് നേഴ്‌സ്സ് തസ്തികകള്‍ സൃഷ്ടിച്ചു.
Geographic Reference
സ്റ്റേറ്റ് ഓഡിറ്റ് വകുപ്പില്‍ പുതിയ 12 കാര്യാലയങ്ങള്‍ക്കായി 68 തസ്തികകള്‍ അനുവദിച്ചു.
. ഇടുക്കിയിലെ ഏലം കൃഷിനാശത്തിന് ധനസഹായമായി 5 കോടി രൂപ അനുവദിച്ചു.
. പുതിയ പി.എസ്.സി അംഗമായി ഐ. ഷിഹാബിനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു.
പുതിയ വാര്‍ത്തകള്‍ സമയബന്ധിതമായി അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യുക. ഈ വാര്‍ത്ത ഉപകാരപ്രദമെന്ന് തോന്നിയാല്‍ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.




