വരയുടെ വഴിയില്‍ വിരിഞ്ഞ ജീവിതം – അനില്‍ മാഷ്, ഒരു നാടിന്റെ ഹൃദയരേഖ

വരയുടെ വഴിയില്‍ വിരിഞ്ഞ ജീവിതം – അനില്‍ മാഷ്, ഒരു നാടിന്റെ ഹൃദയരേഖ

തൃക്കരിപ്പൂരിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്നൊരു കലാമനസ്സ് – അതാണ് അനില്‍കുമാര്‍ തൃക്കരിപ്പൂര്‍. കുട്ടിക്കാലം മുതല്‍ വരയെ ജീവശ്വാസം പോലെ നെഞ്ചിലേറ്റിയ അദ്ദേഹം, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചിത്രകലയെ കൂട്ടായി എടുത്തു നടന്നു. ഒരു അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളില്‍ അക്ഷരങ്ങള്‍ കുറിച്ചവന്‍, ഒരു കലാകാരനെന്ന നിലയില്‍ സമൂഹത്തിന്റെ മുഖങ്ങള്‍ രേഖപ്പെടുത്തി.
2024-ല്‍ ഇടയിലക്കാട് എ.എല്‍.പി. സ്‌കൂളില്‍ നിന്ന് പ്രഥമാധ്യാപകനായി വിരമിക്കുമ്പോള്‍, സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സ്മരണാസ്മിതയായി സമ്മാനിച്ച അനില്‍ മാഷ്, ഒരുപക്ഷേ വിരമിച്ചില്ല – മറിച്ച് വരയുടെ ലോകത്തിലേക്ക് പൂര്‍ണമായി പ്രവേശിച്ചു.
പ്രശസ്ത ചിത്രകാരന്മാരായ അനിലന്‍ തൃക്കരിപ്പൂര്‍ ‘സെന്റ് പോള്‍സ് സ്‌കൂള്‍ പ്രധാന അധ്യാപകരായ എ.കെ. ശ്രീധരന്‍ മാഷും ദിവാകരന്‍ മാഷും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും അനില്‍ മാഷിന്റെ കലാജീവിതത്തിന് ശക്തമായ അടിത്തറയായി. പിന്നീട്, അദ്ദേഹം വരച്ച രേഖാചിത്രങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ഭൂപടമായി മാറി.
കേരള രാഷ്ട്രീയ ചരിത്രത്തിലെ മഹാന്മാരായ ഇ.എം. സ് നമ്പൂതിരിപ്പാട്. സി. അച്ഛുതമേനോന്‍, എ.കെ ജി, തുടങ്ങിയവരുടെ മുഖങ്ങള്‍ക്കും, മലയാള സിനിമയിലെ നിത്യവസന്തമായ പ്രേം നസീറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ചിത്രം ബന്ധുകള്‍ക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു. മഹാനടന്മാരായ മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുടെ പ്രതിച്ഛായകള്‍ക്കും അദ്ദേഹത്തിന്റെ പെന്‍സില്‍ ജീവന്‍ നല്‍കി. സാഹിത്യകാരന്മാര്‍, കവികള്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍ തുടങ്ങി 1500-ലധികം രേഖാചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരവിരുതിന്റെ സാക്ഷ്യങ്ങളാണ്.
അതിലുപരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി 500-ലധികം സാധാരണക്കാരുടെ മുഖങ്ങള്‍ അനില്‍ മാഷ് വരച്ചുകഴിഞ്ഞു. ഇന്നത്തെ കാലത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചിത്രങ്ങള്‍ പോലും, സേവനകാലം മുഴുവന്‍ അദ്ദേഹം പൂര്‍ണ്ണമായും സൗജന്യമായി ഫ്രെയിം ചെയ്ത് നല്‍കി. ചിത്രകലയെ ഒരിക്കലും കച്ചവടമാക്കാന്‍ തയാറാകാത്ത ഒരു കലാഹൃദയം – അതാണ് അനില്‍ മാഷ്.
ഒരു കാലത്ത് സ്‌കൂള്‍ കലോത്സവങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ നിറഞ്ഞുനിന്ന കാലിഗ്രാഫി അദ്ദേഹത്തിന്റേതായിരുന്നു. കാരിക്കേച്ചറുകളിലും അദ്ദേഹത്തിന്റെ കൈവിരുത് വ്യക്തമായിരുന്നു. കുട്ടികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്താന്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ പല സ്‌കൂളുകളിലും അക്ഷരചിത്ര ക്യാമ്പുകള്‍ സൗജന്യമായി സംഘടിപ്പിച്ചു.
കുടുംബജീവിതത്തിലും പിന്തുണയോടെ കൂടെയുണ്ടായിരുന്നത് ഭാര്യ കെ.പി. രേഖ – ജി.യു.പി.എസ് ഉദിനൂര്‍ കടപ്പുറം അധ്യാപിക. മക്കളായ അനുര (ജി.എല്‍.പി.എസ് മഞ്ഞംപാറ അധ്യാപിക)യും അരുണ (നെഹ്രു കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി)യും അദ്ദേഹത്തിന്റെ അഭിമാനങ്ങള്‍.
പ്രഥമ അധ്യാപക ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍ അദ്ദേഹത്തിന് ഒരു അവസാനമല്ലായിരുന്നു; മറിച്ച് വരയുടെ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. വരയെ നെഞ്ചിലേറ്റിയ ഒരു അധ്യാപകന്‍ ഇന്ന് ഒരു നാടിന്റെ സാംസ്‌കാരിക മുഖമായി മാറിയിരിക്കുന്നു.

Scroll to Top