കാസര്‍കോട് അടക്കം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്ത് വേനല്‍ച്ചൂട്
അതികഠിനമായി വര്‍ധിച്ചു വരുന്നു. ഉയര്‍ന്ന താപനില മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) ബുധനാഴ്ച (25.02.2026) കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍
പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുക. പുറത്തിറങ്ങുമ്പോള്‍ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കുട അല്ലെങ്കില്‍ തൊപ്പി എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക.

കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കാന്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും അധികൃതര്‍ ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായതിനാല്‍ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് പോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അംഗനവാടി കുട്ടികള്‍ക്കും ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം ഒരുക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പകല്‍ സമയങ്ങളില്‍ വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലിടങ്ങളിലെ ക്രമീകരണങ്ങള്‍
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും വേണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് അനുയോജ്യമായ വസ്ത്രധാരണത്തിനും വിശ്രമിക്കാനും അനുവാദം നല്‍കണം. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ജോലി സമയത്ത് കുടകള്‍ ഉപയോഗിക്കുകയും കുടിവെള്ളം കരുതുകയും വേണം.
തീപിടുത്ത മുന്നറിയിപ്പും മറ്റ് ജാഗ്രതകളും
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാന്‍ വലിയ സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൂടാതെ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ ഉച്ചവെയിലില്‍ കഴിവതും ഒഴിവാക്കുക. യാത്രക്കാര്‍ കയ്യില്‍ എപ്പോഴും കുടിവെള്ളം കരുതുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ലഭ്യമാക്കുക. യാതൊരു കാരണവശാലും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

Scroll to Top