കാസര്‍കോട്: കുടില്‍കെട്ടി അന്തിയുറങ്ങിയിരുന്ന ഇത്തിരി മണ്ണിന് പട്ടയം തേടിയുള്ള പോരാട്ടം 35 വര്‍ഷമായിട്ടും വിജയിപ്പിക്കാനാകാത്തതിന്റെ മനോവേദനയില്‍ ചെങ്കള വില്ലേജിലെ കെ.കെ. പുറം വീട്ടില്‍ ഗോപി 2023 ജനുവരിയിലാണ് ജീവന്‍ വെടിഞ്ഞത്. തുടര്‍ന്ന് പോരാട്ടം ഭാര്യ ശാന്തയും മക്കളും ഏറ്റെടുത്തു. റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി നിവേദനം നല്‍കി. നടപടികളെല്ലാം പൂര്‍ത്തിയായതായും പട്ടയമേളയില്‍ പട്ടയം നല്‍കുമെന്നും 2024-ലും ’25-ലും റവന്യൂമന്ത്രി കെ. രാജന്‍ നേരിട്ട് ഉറപ്പുനല്‍കി. എന്നാല്‍ രണ്ടുതവണയും ഉദ്യോഗസ്ഥര്‍ തോല്‍പ്പിച്ചുകളഞ്ഞെന്ന് ശാന്ത കണ്ണീരോടെ പറയുന്നു. വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് പട്ടയമേളയുണ്ട്. ഇത്തവണയും പട്ടയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശാന്തയും മകള്‍ സവിതയും സഹായത്തിനെത്തിയ സി.പി.ഐ. പ്രവര്‍ത്തകരും ബുധനാഴ്ച കാസര്‍കോട് തഹസില്‍ദാരെ ഉപരോധിച്ചു.
കുടുംബത്തിന് ചെങ്കള വില്ലേജിലെ കെ.കെ. പുറത്ത് 21.75 സെന്റ് ഭൂമിക്ക് പട്ടയം നല്‍കാന്‍ ഫെബ്രുവരി 13-ന് ചേര്‍ന്ന കാസര്‍കോട് താലൂക്ക് എല്‍.എ. കമ്മിറ്റി യോഗം തീരുമാനിച്ചതാണ്. ഇതിന്റെ പുരോഗതിയറിയാനാണ് ശാന്തയും സവിതയും സി.പി.ഐ. പ്രവര്‍ത്തകരും കാസര്‍കോട് താലൂക്ക് ഓഫീസിലെത്തിയത്. അന്വേഷിച്ചപ്പോള്‍ ഫയല്‍ നീങ്ങിയിട്ടില്ലെന്നും ഇത്തവണ പട്ടയം ലഭിക്കില്ലെന്നും ഉറപ്പായി. ഇതോടെയാണിവര്‍ തഹസില്‍ദാരെ ഉപരോധിച്ചത്. സമരം നടത്തിയ ശാന്തയെയും സവിതയെയും സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി വി. രാജന്‍ പെരുന്പള, കാസര്‍കോട് മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താന്‍, മുളിയാര്‍ ലോക്കല്‍ സെക്രട്ടറി സി.കെ.എം. മുനീര്‍, ഉമ്മര്‍ റഫീഖ് എന്നിവരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് നീക്കി. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
ഗോപിയും ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്ന ചെങ്കള വില്ലേജിലെ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് പട്ടയം തേടിയാണ് ഇവര്‍ ആദ്യം അപേക്ഷ നല്കിയത്. എന്നാല്‍ അന്നത്തെ വില്ലേജ് ഓഫീസര്‍ ഈ സ്ഥലം അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ പട്ടയമുണ്ടാക്കി സ്വന്തമാക്കുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇതറിയാതെ ഇവിടെ കഴിഞ്ഞിരുന്ന ഗോപിയെയും കുടുംബത്തെയും സ്ഥലം വാങ്ങിയവര്‍ 1987-ല്‍ അവിടെനിന്ന് അടിച്ചിറക്കി.
പോകാന്‍ വേറെയിടമില്ലാത്ത കുടുംബം പെരുമഴയത്ത് കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്നത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കളക്ടര്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കി. പിന്നീട് കെ.കെ. പുറത്തെ 26 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്ക് ഇവരെ മാറ്റി. ഈ കൈവശഭൂമിക്ക് പട്ടയം തേടിയുള്ള പോരാട്ടം എങ്ങുമെത്താത്തിനെത്തുടര്‍ന്ന് 2023-ല്‍ ഗോപി ജീവനൊടുക്കി. പിന്നീട് ഭാര്യ പുതിയ അപേക്ഷ നല്‍കി. ആ വര്‍ഷത്തെ കാസര്‍കോട് താലൂക്ക് എല്‍.എ. കമ്മിറ്റി യോഗത്തില്‍ ഈ 26 സെന്റിന് പട്ടയം നല്‍കുന്ന കാര്യം അജന്‍ഡയില്‍ വെച്ചില്ല. പിന്നീട് 2025-ലെ യോഗത്തില്‍ ഇത് പരിഗണനയ്ക്ക് വന്നപ്പോള്‍ സമീപത്തെ പട്ടയഭൂമിയില്‍നിന്നുള്ള ഭാഗം ഇതില്‍ കയറിക്കിടക്കുന്നുണ്ടോയന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് മാറ്റി. എന്നാല്‍ അങ്ങനെയില്ലെന്നും 26 സെന്റിന് പകരം 21.75 സെന്റ് ഭൂമിയേ ഉള്ളുവെന്നുമായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. മാറ്റിവെച്ച അഞ്ച് സെന്റ്‌റിലായിരുന്നു ഗോപിയെ സംസ്‌കരിച്ചിരുന്നത്. ഇത് ഒഴിവാക്കാനാകില്ലെന്ന് കുടുംബം നിലപാടെടുത്തു. എന്നാല്‍ ഫയല്‍ അടുത്ത എല്‍.എ. കമ്മിറ്റി യോഗത്തിലുമെത്തിയില്ല. ഇത്തവണത്തെ എല്‍.എ. കമ്മിറ്റി യോഗത്തില്‍ ഈ 21.75 സെന്റ്‌റ് പി.പി. ഭൂമിക്ക് പട്ടയം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് വി. രാജന്‍ പെരുന്പള പറഞ്ഞു.
ഈ ഭൂമി തദ്ദേശസ്വയംഭരണ വകുപ്പിന്റെതാണെന്നാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. പട്ടയം നല്‍കണമെങ്കില്‍ കളക്ടര്‍ ഭൂമി ഡൈവെസ്റ്റ് ചെയ് (സര്‍ക്കാരിന്റെ കൈവശമുള്ളതോ റവന്യൂവകുപ്പിന്റെ കീഴിലുള്ളതോ ആയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുക) ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല.




