പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരുന്നത് 29 വര്‍ഷം; കുടുംബത്തിനൊപ്പം തഹസില്‍ദാരെ ഉപരോധിച്ച് സിപിഐ

കാസര്‍കോട് 29 വര്‍ഷമായി അപേക്ഷ നല്‍കി പട്ടയത്തിനു കാത്തിരിക്കുന്ന കുടുംബത്തെ ഇന്നു നടക്കുന്ന പട്ടയമേളയിലും അവഗണിക്കുന്നു എന്നാരോപിച്ചു സിപിഐ കുടുംബത്തെ കുട്ടി കാസര്‍കോട് തഹസില്‍ദാരെ ഉപരോധിച്ചു. തുടര്‍ന്ന്, പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഉദ്യോഗസ്ഥഥ വീഴ്ചയാണെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണീരോടെയാണ് ശാന്തയും മകളും പുറത്തേക്കിറങ്ങിയത്.
29 വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ വാക്ക് വിശ്വസിച്ച് അവര്‍ പട്ടയം കൊടുക്കാമെന്നു പറഞ്ഞ സ്ഥലത്തു താമസം തുടങ്ങിയത്. ചെങ്കള കെ.കെ.പുറം കുന്നിലെ ശാന്തയും മരിച്ചു പോയ ഭര്‍ത്താവും മകളും നീതി നിഷേധത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 1997ലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം ശാന്തയുടെ ഭര്‍ത്താവ് സി.എ.ഗോപി വര്‍ഷങ്ങള്‍ക്കു മുന്‍പ് വില കൊടുത്തു വാങ്ങിയ ബെര്‍ക്കയിലെ സ്ഥലത്താണ് ഇവര്‍ കുടുംബത്തോടെ കുടില്‍കെട്ടി താമസിച്ചിരുന്നത്.

ഈ സ്ഥലത്തിനു പട്ടയം ഇല്ലായിരുന്നു. അന്നത്തെ വില്ലേജിലെ ഒരു ഉദ്യോഗസ്ഥന്‍ സ്വാധീനം ഉപയോഗിച്ച് ഈ സ്ഥലം സ്വന്തം അമ്മയുടെ പേരിലാക്കി. അത് വര്‍ഷങ്ങളോളം മറച്ചുവയ്ക്കുകയും പിന്നീട് ഈ സ്ഥലം മറ്റൊരാള്‍ക്കു മറിച്ചു വില്‍ക്കുകയും ചെയ്തു. അയാളുടെ ഗുണ്ടകള്‍ എത്തി 1997 നവംബര്‍ മാസത്തില്‍ ഗോപിയുടെ കുടില്‍ തകര്‍ത്ത് കുടുംബത്തെ പുറത്താക്കി
തെരുവിലായ ഗോപി നീതിക്കായി കുടുംബത്തോടൊപ്പം കലക്ടറേറ്റിനു മുന്‍പില്‍ സമരം നടത്തി. ചര്‍ച്ചയ്‌ക്കൊടുവിലാണ് പട്ടയം നല്‍കാമെന്നു അധികൃതര്‍ സമ്മതിച്ചതും ഭൂമി കാണിച്ചു കൊടുത്തതും. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പട്ടയം മാത്രം ലഭിച്ചില്ല. ഇത്തവണയെങ്കിലും ലഭിക്കും. എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സ്ഥലവുമായി ബന്ധപ്പെട്ടു സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Scroll to Top