ഇരുകാലുകളും തളര്‍ന്ന ഉമ്മയ്ക്ക് താങ്ങായി 13-കാരന്‍; കരളലിയിക്കുന്ന കാഴ്ചയും ഇന്‍ഫ്‌ലുവന്‍സറുടെ പ്രൊമോഷനും;

കാസര്‍കോട് അച്ചാര്‍ വില്‍ക്കുന്ന കുട്ടിക്ക് അപ്രതീക്ഷിത സഹായം

ഇരുകാലുകളും തളര്‍ന്ന ഉമ്മയെ നോക്കാന്‍ കാസര്‍കോട്
നഗരത്തില്‍ അച്ചാര്‍ വില്‍ക്കാന്‍ ഇറങ്ങിയ 13-കാരന്റെ ജീവിതസമരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊച്ചുമിടുക്കന് നോട്ടുകെട്ടുകള്‍ നല്‍കി സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഉബൈദ് തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചെറിയ ചുമലിലേറ്റി നഗരത്തില്‍ അച്ചാര്‍ വില്‍ക്കുന്ന കുട്ടിയുടെ കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്.

ഉമ്മയ്ക്കായി തെരുവിലിറങ്ങിയ കൊച്ചുമിടുക്കന്‍
ഇരുകാലുകളും തളര്‍ന്ന ഉമ്മയുടെ ചികിത്സയ്ക്കും കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് ഈ 13-കാരന്‍ അച്ചാര്‍ വില്‍ക്കാന്‍ ഇറങ്ങിയത്. സ്‌കൂള്‍ പഠനത്തിന് ശേഷം ലഭിക്കുന്ന സമയം മുഴുവന്‍ കാസര്‍കോട് നഗരത്തില്‍ അച്ചാര്‍ വിറ്റ് ഉപജീവനം കണ്ടെത്താനാണ് കുട്ടി ശ്രമിക്കുന്നത്. തന്റെ സമപ്രായക്കാര്‍ കളിച്ചുനടക്കുന്ന പ്രായത്തിലാണ് ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഈ മകന്‍ ഏറ്റെടുത്തിരിക്കുന്നത്. രാത്രി വൈകിയും നഗരത്തിന്റെ പല ഭാഗങ്ങളിലായി അച്ചാര്‍ ഭരണിയുമായി നടക്കുന്ന കുട്ടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Scroll to Top