കൊച്ചി: യു.എ.ഇ.യിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് 150 കോടി രൂപയോളം വായ്പയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയുടെയും കുടുംബത്തിന്റെയും 32 ലക്ഷം രൂപയുടെ സ്വത്ത് ദിര്‍ഹം കണ്ടുകിട്ടി. സി.ടി. സുലൈമാന്‍, ഭാര്യ ഒ.ടി. നഫീസത്ത്, മകന്‍ മുഹമ്മദ് സിനാന്‍ സുലൈമാന്‍ എന്നിവരുടെ പേരിലുള്ള സ്വത്താണ് കണ്ടുകിട്ടിയത്. വായ്പത്തുകയില്‍ 4.60 കോടി രൂപ ഇന്ത്യയിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.
ബാങ്കിന്റെ പരാതിയില്‍ കാസര്‍കോട് ചന്ദേര പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യും കേസെടുത്തത്. അബുദാബിയില്‍ ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസ് എന്ന സ്ഥാപനം നടത്തിയിരുന്ന കാസര്‍കോട് സ്വദേശി തിരുത്തുമ്മല്‍ അബ്ദുറഹ്‌മാന്‍ ചേന്നോത്ത്, 2013-17 കാലഘട്ടത്തില്‍ ബാങ്കില്‍നിന്ന് 68.159 ദശലക്ഷം ദിര്‍ഹം (ഏകദേശം 160 കോടി രൂപ) വായ്പയെടുത്തിരുന്നു. വ്യവസായ വികസനത്തിനുവേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, ഇതിനായി വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന് പിന്നീട് കണ്ടെത്തി.
വായ്പത്തുകയില്‍ നല്ലൊരു പങ്ക് ഇന്ത്യയിലേക്ക് മാറ്റി. ഇതില്‍ 4.60 കോടി രൂപ അബ്ദുറഹ്‌മാന്റെ എന്‍.ആര്‍.ഇ. അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഈ അക്കൗണ്ടില്‍നിന്ന് 34.66 ലക്ഷം രൂപ സഹോദരനായ സി.ടി. സുലൈമാന്റെ അക്കൗണ്ടിലേക്കും മാറ്റി. ഇ.ഡി.ക്ക് നല്‍കിയ മൊഴിയില്‍ പണം ലഭിച്ചതായി സുലൈമാന്‍ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച പണം കാസര്‍കോട്ട് വീട് നിര്‍മിക്കാനാണ് വിനിയോഗിച്ചത്.
സുലൈമാന്‍ 2022-ല്‍ തന്റെ ഭാര്യക്കും മകനും 4,50,000 രൂപ എന്ന നിസ്സാരമായ തുകയ്ക്ക് ഈ സ്വത്തിന്റെ വലിയൊരു ഭാഗം വില്‍പ്പനക്കരാര്‍ വഴി കൈമാറി. എന്നാല്‍, ഇതിനായി യഥാര്‍ഥത്തില്‍ പണമൊന്നും നല്‍കിയിട്ടില്ലെന്ന് നഫീസത്ത് ഇ.ഡി.ക്ക് മൊഴിനല്‍കി. സ്വത്ത് മറച്ചുവെക്കുന്നതിനായി നടന്ന ഇടപാടായിരുന്നു ഇത്. നേരത്തേ, ഈ കേസില്‍ ഏകദേശം 4.55 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയത് അജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചിരുന്നു. ഇതിനൊപ്പം എറണാകുളം പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി ഫയല്‍ചെയ്തിട്ടുണ്ട്.




