മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര തീവണ്ടികള്‍ ഞായറാഴ്ച മുതല്‍

കോഴിക്കോട്: മലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി
കോഴിക്കോടുവഴി തമിഴ്നാട്ടിലേക്ക് രണ്ട് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍കൂടി വരുന്നു. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസുമാണ് മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

പുതിയവണ്ടികളുടെ സമയപ്പട്ടിക നിശ്ചയിച്ചിട്ടില്ല. രണ്ടും പ്രതിവാരവണ്ടികളായിരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. രാമേശ്വരം വണ്ടി കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക. മംഗളൂരു-താംബരം എക്സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ കോച്ചും എട്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റുമാണുണ്ടാവുക. ഉത്തരകേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനകരമായ തീവണ്ടികളാണിവ. രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മലബാറില്‍നിന്ന് ധാരാളം യാത്രക്കാരുണ്ട്.

മലബാറില്‍നിന്ന് ഇതാദ്യമായാണ് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിന്‍ ലഭിക്കുന്നത്. വന്ദേഭാരതിനും നാഗര്‍കോവില്‍-മംഗളൂരു അമ്യത് ഭാരത് പ്രതിവാര എക്‌സ്പ്രസിനും പിന്നാലെ മലബാറിനുകിട്ടുന്ന ട്രെയിനുകളെ യാത്രക്കാര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നാഗര്‍കോവില്‍-മംഗളൂരു എക്സ്പ്രസ് ചൊവ്വാഴ്ച രാത്രി 10.15-നാണ് കോഴിക്കോട്ടെത്തുന്നത്. ബുധനാഴ്ച രാവിലെ നാഗര്‍കോവിലിലേക്ക് തിരികെപ്പോകും.

Scroll to Top