കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷന്‍ തല ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. വിദ്യാനഗര്‍ വൈദ്യുതി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉത്തര മലബാര്‍ വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്.ബി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.ഹനീഫ്,തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരായ സുബ്ബണ്ണ ആള്‍വ(പുത്തിഗെ), അബ്ദുള്‍ഖാദര്‍ ബദ്രിയ (ചെങ്കള) എം. ധന്യ(ബേഡഡുക്ക),സമീറ ഫൈസല്‍(മൊഗ്രാല്‍പുത്തൂര്‍), ബി. ശാന്ത( ബദിയടുക്ക),ലെവിനാ മൊന്തേരോ(മഞ്ചേശ്വരം), ഹമീദ് ( കുമ്പഡാജെ),പി.മിനി(മുളിയാര്‍), ഫാത്തിമത്ത് റുബീന (മംഗല്‍പാടി), സുന്ദരി.ആര്‍ ഷെട്ടി(മീഞ്ച), ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ..സജിത്ത് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീപദി(ബെള്ളൂര്‍),വി.എസ്.ഗംഭീര്‍(എന്‍മകജെ),മാലിനി(വൊര്‍ക്കാടി), വ്യാപാരി വ്യവസായി ചെറുകിട വ്യവസായ പ്രതിനിധികള്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ സംസാരിച്ചു.ചീഫ് സേഫ്റ്റി ഓഫീസര്‍ കെ.ലത സുരക്ഷാ സന്ദേശം നല്കി. വൈദ്യുതി ബോര്‍ഡിന്റെ വിവിധ സേവനങ്ങള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കപില്‍ മോഹന്‍ പരിചയപ്പെടുത്തി.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളവും വിശ്വസ്തവുമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ വിവിധ ഉപഭോക്തൃ സൗഹൃദ പരിപാടികളാണ് കെഎസ്ഇബി ആസൂത്രണം ചെയ്തിട്ടുള്ളത്.സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കാസറഗോഡ് ഡിവിഷന്‍ തല ഉപഭോക്തൃ സംഗമത്തില്‍ ഉയര്‍ന്നുവന്നു.ജീവനക്കാരുടെ അഭാവം, ഉപഭോക്താക്കളുടെ ബാഹുല്യം, വാഹനലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ചില ഓഫീസുകളില്‍ സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും, വലിയ സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആവശ്യമാണെന്നും ജനപ്രതിനിധികളും ഉപഭോക്താക്കളും ആവശ്യപ്പെട്ടു. പ്രസരണ രംഗത്ത് ജില്ലയുടെ വടക്കന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മൈലാട്ടി – വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്ക്യൂട്ട് -മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും കുറ്റിക്കോല്‍, സീതാംഗോളി സബ്‌സ്റ്റേഷനുകള്‍ വേഗത്തില്‍ നിര്‍മ്മിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. സെക്ഷന്‍ തലത്തില്‍ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കണമെന്നും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സെക്ഷന്‍ തല ഉപഭോക്തൃ സമിതി വേണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. ഉന്നയിച്ച വിഷയങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാരം ഉണ്ടാക്കുമെന്ന് ഉത്തര മലബാര്‍ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ ഉറപ്പ് നല്കി.
കാസറകോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.നാഗരാജ ഭട്ട് സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.മനോജ് നന്ദിയും പറഞ്ഞു.