മല്ലം ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ തോട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മുളിയാര്‍, മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശിയും ക്ഷേത്ര അധീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ബി അനന്ത കൃഷ്ണ ഭട്ട് (49) ആണ് മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി എത്തിയതെന്നു സഹോദരന്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ ശാന്തിക്ക് എത്തേണ്ടതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നടന്നു പോകുന്നത് കണ്ടു. പരിസരങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തിനു സമീപത്തെ തോട്ടില്‍ കാര്‍ഷിക ആവശ്യത്തിനു വെള്ളം കെട്ടി നിര്‍ത്തിയ നിലയിലാണ്. വെള്ളക്കെട്ടില്‍ വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ഉമേശന്‍, ഫയര്‍മാന്മാരായ നൗഫല്‍, ശബില്‍, ഹോംഗാര്‍ഡുമാരായ രാജു, രാജേന്ദ്ര എന്നിവര്‍ സ്ഥലത്തെത്തി വെള്ളക്കെട്ടില്‍ പരിശോധന നടത്തി രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആദുര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വെങ്കിട്ടരമണ ഭട്ട്- കലാവതി ദമ്പതികളുടെ മകനാണ് ബി. അനന്തകൃഷ്ണഭട്ട്. സഹോദരങ്ങള്‍: ശ്രീപതി ഭട്ട്, പ്രഭാവതി, ഭാഗ്യലക്ഷ്മി.

Scroll to Top