വമ്പന്‍ പ്രഖ്യാപനങ്ങളുമായി കാസര്‍കോട് നഗരസഭ ബജറ്റ്

കാസര്‍കോട് നഗരസഭയുടെ 2025-26 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2026-27 വര്‍ഷത്തെ പുതുതായി നിലവില്‍ വന്ന ഭരണസമിതിയുടെ ബജറ്റും,വൈസ് ചെയര്‍മാന്‍ കെഎം ഹനീഫ അവതരിപ്പിച്ചു.
കാസര്‍കോട് നഗരത്തിന്റെ അടിസ്ഥാന-ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിനും, നഗരപ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ടും നഗരപ്രദേശത്തെ പ്രധാനമായ മുനിസിപ്പല്‍ പുതിയ ബസ് സ്റ്റാന്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സ്, മുനിസിപ്പല്‍ പഴയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മുനിസിപ്പല്‍ ഫിഷ് മാര്‍ക്കറ്റ്, മുനിസിപ്പല്‍ സ്റ്റേഡിയം, മുനിസിപ്പല്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും നൂതന പദ്ധതികളാവിഷ്‌കരിച്ചു കൊണ്ടുള്ളതുമാണ് ബജറ്റ്…നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഓരോ വാര്‍ഡുകളിലേക്കും 8 ലക്ഷം രൂപ വീതം, ആകെ 3 കോടി 12 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.. കൂടാതെ കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി നായക്സ് റോഡ്, എം.ജി റോഡ്-ഫോര്‍ട്ട് റോഡ്-മഡോണ സ്‌കൂള്‍ റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളുടെ നവീകരണത്തിനും തുക നീക്കിവെച്ചിട്ടുണ്ട്.തെരുവ് വിളക്ക് വൈദ്യുതി ചാര്‍ജ്ജ് ഒടുക്കല്‍, തെരുവ് വിളക്ക് വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കായി ആവശ്യമായ തുകയും നീക്കിവെച്ചിട്ടു ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഒറ്റത്തൂണ്‍ പാലത്തിന് കീഴിലുള്ള സ്ഥലം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമെന്നും, ശുചിത്വത്തിനും, കുടിവെള്ളം ഉറപ്പാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍, വയോജനങ്ങള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍,മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി വിവിധ പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകളിലായി നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്..

നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന് സലീം അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയര്‍പേഴ്സന്മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭ സെക്രട്ടറി, നഗരസഭയിലെ മറ്റു ഉദ്യോഗസ്ഥന്മാര്‍, മാധ്യമ പ്രതിനിധികള്‍, തുടങ്ങിയവര്‍ ബജറ്റ് അവതരണയോഗത്തില്‍ സംബന്ധിച്ചു.

Scroll to Top