പശ്ചിമേഷ്യന്‍ സംഘര്‍ഷം ; മസ്‌കറ്റിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്ക്. കൊച്ചിയില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. മസ്‌കറ്റിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ബഹ്‌റൈന്‍ , കുവൈറ്റ് ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് രാത്രി 11: 59 വരെ നിര്‍ത്തിവെച്ചിരുന്നു. യാത്രക്കാര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസുകള്‍ പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യയുടെ നിര്‍ദേശം.

യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. നാല് വിമാനങ്ങള്‍ ആയിരിക്കും സര്‍വീസ് നടത്തുക.ഫുജൈറയില്‍ നിന്ന് ഡല്‍ഹി – മുംബൈ – കൊച്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഉണ്ടാകുക. രണ്ടു വിമാനങ്ങള്‍ മുംബൈയിലേക്ക് ആയിരിക്കും. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുക ആണെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ വ്യോമാതിര്‍ത്തിയില്‍ നടക്കുന്ന മാറ്റങ്ങള്‍ വ്യോമയാനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച സാഹചര്യത്തില്‍ എണ്ണ ഇറക്കുമതിക്കായി മറ്റ് വഴികള്‍ തേടുകയാണ് ഇന്ത്യ. രാജ്യത്ത് ഊര്‍ജ പ്രതിസന്ധി ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് തീരുമാനം. എണ്ണ വിതരണത്തില്‍ തടസമുണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും എണ്ണ കമ്പനികളും ശ്രമം തുടങ്ങി.ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 25-27 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടം കടന്ന് ഇന്ത്യയിലേക്ക് വരുന്നത്.

Scroll to Top