അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു.. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, ലേബര്‍ കമ്മിഷണര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്മെന്റ് കമ്മീഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ ഇരുപത്തിയാറാമത് ജില്ലാ കളക്ടറായാണ് അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേല്‍ക്കുന്നത്. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം നേടി തൃശ്ശൂര്‍ ജില്ലയിലെ ഒന്നരവര്‍ഷത്തിലേറെ നീണ്ട മികച്ച സേവനത്തിനുശേഷം വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ തൃശ്ശൂരിന് സമ്മാനിച്ചാണ് അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ജില്ലയിലേക്ക് എത്തുന്നത്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.




