കൊച്ചി: രാജ്യത്ത് പുതിയ രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഈ മാസം പുറത്തിറങ്ങും. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് വന്ദേ ഭാരത് നിര്‍മിച്ചിരിക്കുന്നത്. ഈ മാസം തന്നെ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്ന് ഐസിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ട്രെയിന്‍ ഏത് റൂട്ടിലാകും സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് സര്‍വീസ് ലഭിക്കുമോയെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. സാധ്യതകള്‍ നോക്കാം.
പുതിയ രണ്ട് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുന്നു
നിലവില്‍, ഇന്ത്യന്‍ റെയില്‍വേയില്‍ രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നകത്. ഹൗറ – ഗുവാഹത്തി റൂട്ടിലാണ് ഇത്. ഈ മാസം രണ്ട് ട്രെയിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് ചെന്നൈ ഐസിഎഫിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എംജി ശങ്കറാണ് പറഞ്ഞത്. ‘അടുത്ത മാസത്തോടെ ഞങ്ങള്‍ രണ്ടെണ്ണം കൂടി പുറത്തിറക്കും.’ എന്നാണ് വാക്കുകള്‍. 16 കോച്ചുകളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റേക്കുകളാണ് പുറത്തിറങ്ങുന്നത്.
പ്രതീക്ഷയോടെ കേരളം
കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ആകെ 12 വന്ദേ ഭാരത് സ്ലീപ്പറുകളാണ് പുറത്തിറങ്ങുക. ഇതില്‍ കേരളത്തിനും ട്രെയിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ ലഭിക്കുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒരു സര്‍വീസ് റെയില്‍വേ പ്രഖ്യാപിക്കുമോ എന്നാണ് അറിയേണ്ടത്.




