കാസര്‍കോട് കുമ്പളയിലെ ടോള്‍ പിരിവ്; 22 ദിവസത്തിനുള്ളില്‍ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത്

കാസര്‍കോട് കുമ്പളയിലെ ടോള്‍ പിരിവ്; 22 ദിവസത്തിനുള്ളില്‍ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത്

കാസര്‍കോട് : ദേശീയപാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ 22 ദിവസത്തിനുള്ളില്‍ ടോള്‍ പിരിവിലൂടെ സമാഹരിച്ചത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുല്‍ ഖാദര്‍ ഫിര്‍ഷാദ് കോട്ട വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ദേശീയപാത കണ്ണൂര്‍ മേഖല പ്രോജക്ട് ഡയറക്ടര്‍ കണക്കുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയത്.

ജനുവരി 12 ന് ആണ് ടോള്‍ പിരിവ് ഈടാക്കിത്തുടങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 4ന് ആണ് ടോള്‍ പ്ലാസ് അടച്ചുപൂട്ടിയത്. ഫാസ്ടാഗിലൂടെ 2.7 കോടിയും യുപിഐ ക്യൂആര്‍ കോഡിലൂടെ 26,000 രൂപയും കൗണ്ടറുകളില്‍ പണം നല്‍കിയതിലൂടെ 1.1 ലക്ഷം രൂപയുമാണ് കിട്ടിയതെന്നും രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മാണ പ്രവ്യത്തി പൂര്‍ത്തിയായ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ടോള്‍ ഈടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധങ്ങള്‍ തുടരുകയും ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും കോടതിയില്‍ ഹര്‍ജിയുമായതിനാല്‍ ജനുവരി 12 മുതലായിരുന്നു തുടങ്ങിയത്. അന്നു തന്നെ ടോള്‍ പ്ലാസയിലേക്ക് ആക്ഷന്‍ കമ്മറ്റി പ്രതിഷേധം നടത്തി. 13 മുതല്‍ എകെഎം അഷ്റഫ് എംഎല്‍എയുടെ നേത്യത്വത്തില്‍ ടോള്‍പ്ലാസയ്ക്കു സമീപം അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.

14നു രാത്രി പ്രതിഷേധം ശക്തമായതോടെ അക്രമസംഭവങ്ങള്‍ നടക്കുകയും ചെയ്തു. 15 മുതല്‍ സമരം നടത്താന്‍ പാടില്ലെന്നു എംഎല്‍എയ്ക്കു പൊലീസ് നോട്ടിസ് നല്‍കി. 15നു രാവിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സമരങ്ങള്‍ നടന്നു. ഇതിനിടെയാണ് ഫെബ്രുവരി 4ന് ടോള്‍ പ്ലാസ അടച്ചുപൂട്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്.

രണ്ട് കോടിയിലേറെ രൂപയാണ് ടോള്‍ പ്ലാസ നിര്‍മിക്കുന്നതിനു ചെലവായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ കുറേഭാഗങ്ങള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇനിയും പൊളിക്കാനുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Scroll to Top