വയനാട് മുണ്ടേരിയില്‍ സര്‍ക്കാര്‍ വീടുകളില്‍ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സര്‍ക്കാര്‍ വീടുകളില്‍ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരോട് വൈദ്യുതി ചാര്‍ജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതര്‍ ബില്ലടക്കാന്‍ പണമില്ലാതെ ദുരിതത്തിലാണ്.
വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പ് മറികടന്നാണ് കെഎസ്ഇബിയുടെ നടപടി.