കാസര്‍കോട് നഗരസഭാ ബജറ്റ് വെറും പ്രഹസനം:സിദ്ദിഖ് ചേരങ്കൈ

കാസര്‍കോട് നഗരസഭാ ബജറ്റ് വെറും പ്രഹസനം: ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; അഴിമതിയും അനാസ്ഥയും തുറന്നുകാട്ടി സിദ്ദിഖ് ചേരങ്കൈ

?കാസര്‍കോട്: കാസര്‍കോട് നഗരസഭ അവതരിപ്പിച്ച പുതിയ ബജറ്റ് വെറും പ്രഹസനമാണെന്നും നഗരത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഭരണസമിതി പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും കേരള കോണ്‍ഗ്രസ് (എം) മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ ആരോപിച്ചു.
?സന്ധ്യാരാഗം ഓഡിറ്റോറിയം: അപകടക്കെണിയായി മാറിയ കവാടം
നൂറുകണക്കിന് ആളുകള്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തുന്ന സന്ധ്യാരാഗം ഓഡിറ്റോറിയത്തിന്റെ കവാടം ദ്രവിച്ചു വീഴാറായ നിലയിലാണ്. ഏത് നിമിഷവും ജനങ്ങളുടെ തലയില്‍ വീഴാവുന്ന അവസ്ഥയിലുള്ള ഈ ഗേറ്റിന്റെ നവീകരണം ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് നഗരസഭയുടെ കടുത്ത അനാസ്ഥയാണ്. ജനങ്ങളുടെ സുരക്ഷയേക്കാള്‍ ഉപരിയായി വെറും അക്കക്കളിയിലാണ് ഭരണസമിതിക്ക് താല്പര്യം.
?മത്സ്യ മാര്‍ക്കറ്റ്: കോടികളുടെ അഴിമതിയും അശാസ്ത്രീയതയും
മത്സ്യ മാര്‍ക്കറ്റിന്റെ പേരില്‍ എല്ലാ വര്‍ഷവും ബജറ്റില്‍ കോടികള്‍ വകയിരുത്തുന്നുണ്ടെങ്കിലും പ്രായോഗികമായി ഒന്നും നടക്കുന്നില്ല. മുന്‍കാലങ്ങളില്‍ അനുവദിച്ച കോടികള്‍ കൊണ്ട് മാര്‍ക്കറ്റില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് നഗരസഭ വ്യക്തമാക്കണം. മാര്‍ക്കറ്റിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
?അശാസ്ത്രീയ നിര്‍മ്മാണം: അശാസ്ത്രീയമായി നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് പൊളിച്ചു പണിയുമെന്നും അത് ഉപയോഗപ്രദമാക്കുമെന്നും തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പിന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല.
?മാലിന്യ സംസ്‌കരണം: കൃത്യമായ മാലിന്യ സംസ്‌കരണ പ്ലാന്റ് പോലുമില്ലാതെ നിയമവിരുദ്ധമായാണ് മാര്‍ക്കറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഴുക്കുചാല്‍ സംവിധാനമില്ലാത്തതിനാല്‍ മാലിന്യവെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്.
?തൊഴിലാളി സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും: മാര്‍ക്കറ്റില്‍ ഇതുവരെ ഒരു പേ-ടോയ്ലറ്റ് പോലും യാഥാര്‍ത്ഥ്യമാക്കിയിട്ടില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനോ അവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കാനോ ബജറ്റില്‍ പദ്ധതികളില്ല.
?അപകടക്കെണിയായ കവാടം: മാര്‍ക്കറ്റ് കവാടത്തിലെ റോഡ് ദ്രവിച്ചു പഴകിയതിനാല്‍ മത്സ്യവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ഈ റോഡ് അടിയന്തരമായി റീ-കോണ്‍ക്രീറ്റ് ചെയ്യുകയും കവാടത്തിനടുത്ത് സുരക്ഷാ കൈവരികള്‍ സ്ഥാപിക്കുകയും വേണം. കൂടാതെ, ചളി കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ ഇന്റര്‍ലോക്ക് പാകണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു.
?നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനോ വാഹന പാര്‍ക്കിംഗിന് കൃത്യമായ ഇടം കണ്ടെത്താനോ കഴിയാത്ത നഗരസഭ, കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ തൊഴിലാളികളെ അണിനിരത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിദ്ദിഖ് ചേരങ്കൈ പ്രസ്താവനയില്‍ അറിയിച്ചു.

Scroll to Top