‘അങ്ങനെയെങ്കില്‍ മാത്രമേ അഭിഷേകിനെ കളിപ്പിക്കേണ്ടതുള്ളൂ, ഓപ്പണിങ്ങില്‍ സഞ്ജുവും ഇഷാനും’ – രവി ശാസ്ത്രി

മുംബൈ: ടി20 ലോകകപ്പില്‍ സെമിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍
ടീം. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് വിവരം. വിന്‍ഡീസിനെതിരേ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയേക്കും. എന്നാല്‍ ഫോമിലല്ലാത്ത അഭിഷേകിനെ മാറ്റണമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകളും ഉയരുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി.

മാനസികമായി സജ്ജമായാല്‍ മാത്രമേ അഭിഷേക് ശര്‍മയെ സെമിയില്‍ കളിപ്പിക്കേണ്ടതുള്ളൂ എന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം ടീം മാനേജ്‌മെന്റിന് വിലയിരുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അഭിഷേകുമായി സംസാരിച്ചും നെറ്റ്സിലെ ബാറ്റിങ്ങും കണ്ട് ഇത് മനസിലാക്കാം. അഭിഷേകിനെ കളിപ്പിക്കാത്ത സാഹചര്യം വന്നാലുള്ള മറ്റ് ഓപ്ഷനുകളെ കുറിച്ചും രവി ശാസ്ത്രി പ്രതികരിച്ചു.

അങ്ങനെയെങ്കില്‍ സെമിയില്‍ ഇംഗ്ലണ്ടിനെതിരേ അഭിഷേകിന് പകരം ഇഷാന്‍ കിഷനെ ഓപ്പണറായി കളിപ്പിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. സഞ്ജു-ഇഷാന്‍ സഖ്യം ഓപ്പണിങ് ചെയ്യണമെന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് ഇഷാന്‍. മാത്രമല്ല, റിങ്കു സിങ്ങിനെ ടീമിലെടുക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. എന്നാല്‍ സെമി നടക്കുന്ന വേദിയില്‍ അഭിഷേകിന്റെ പ്രകടനം മികച്ചതാണെന്ന് ശാസ്ത്രി ഓര്‍മപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരേ 54 പന്തില്‍ നിന്ന് 135 റണ്‍സെടുത്തിരുന്നു.

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമില്ലായ്മ തുടര്‍ച്ചയായി ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോകകപ്പില്‍ നിരാശപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ പ്രകടനം. കളിച്ച ആദ്യ മൂന്ന് മത്സരത്തിലും താരം ഡക്കായി മടങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലാണ് താരം അക്കൗണ്ട് തുറന്നത്. 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ശേഷം താരം കൂടാരം കയറി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സിംബാബ്വേയ്‌ക്കെതിരേ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. പിന്നാലെ വിന്‍ഡീസിനെതിരേ വെറും 10 റണ്‍സ് മാത്രമെടുത്ത് മടങ്ങി.

Scroll to Top