തിരമാലകള്‍ കവര്‍ന്ന സ്വപ്നങ്ങള്‍ക്ക് ഇനി സുരക്ഷിത തീരം; ‘പുനര്‍ഗേഹം’ കരുതലായി

തിരമാലകള്‍ കവര്‍ന്ന സ്വപ്നങ്ങള്‍ക്ക് ഇനി സുരക്ഷിത തീരം; ‘പുനര്‍ഗേഹം’ കരുതലായി

കടല്‍ക്ഷോഭത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്ന ഒരു വൃദ്ധമനസ്സിന്റെ ആധിക്ക് ഒടുവില്‍ അറുതിയാകുന്നു. തീരദേശത്തിന്റെ കണ്ണീരൊപ്പുന്ന ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ കോയിപ്പാടി കടപ്പുറത്തെ 67-കാരനായ ഹാസൈനാര്‍ക്ക് ഇനി സുരക്ഷിതമായൊരു ഫ്ളാറ്റില്‍ അന്തിയുറങ്ങാം. ഹൃദ്രോഗബാധിതനായ ഹസൈനാര്‍ കഴിഞ്ഞ 35 വര്‍ഷമായി മത്സ്യബന്ധനം നടത്തിയാണ് തന്റെ കുടുംബം പുലര്‍ത്തുന്നത്. കടലില്‍ നിന്ന് വെറും 50 മീറ്റര്‍ മാത്രം ദൂരെയുള്ള, ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു ഇത്രയും കാലം അദ്ദേഹത്തിന്റെ താമസം. ഓരോ തവണ കടലെറ്റം ഉണ്ടാകുമ്പോഴും പാകം ചെയ്തു വെച്ച ആഹാരം പോലും കടലെടുക്കുന്ന ദയനീയാവസ്ഥയിലായിരുന്നു ആ ജീവിതം. രോഗവും വാര്‍ദ്ധക്യവും തളര്‍ത്തിയ ഹസൈനാര്‍ക്ക് കുനിഞ്ഞ് കയറിയില്ലെങ്കില്‍ തല ഇടിക്കുന്ന
ആ കൊച്ചു വീട് ഒരു സുരക്ഷിത കേമേ ആയിരുന്നില്ല. എന്നാല്‍, തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി ഹസൈനാറുടെ ജീവിതത്തില്‍ വെളിച്ചമായി മാറുകയാണ്. കോയിപ്പാടിയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയത്തില്‍ അദ്ദേഹത്തിന് ഫ്ളാറ്റ് അനുവദിച്ചതോടെ, ഇനി ഏത് കടലാക്രമണത്തെയും ഭയക്കാതെ സമാധാനമായി ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധന്‍. തിരമാലകള്‍ കവര്‍ന്നെടുക്കാത്ത ഒരു പുരയിടത്തിലേക്ക് ഹസൈനാറും കുടുംബവും മാറുന്നത് ആ തീരദേശത്തിന് തന്നെ വലിയൊരു ആശ്വാസവാര്‍ത്തയാണ്.

Scroll to Top