കാഞ്ഞങ്ങാട് : ആറുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അലാമിപ്പള്ളിയിലെ
ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന്റെ ആവേശത്തിനിടെ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശനും ചന്ദ്രശേഖരനും തമ്മില്‍ ഷട്ടില്‍ കളിച്ചായിരുന്നു ഉദ്ഘാടനം. പിന്നീട് വിവിധങ്ങളായ സൗഹൃദമത്സരങ്ങളും അരങ്ങേറി.
മൂന്നുവര്‍ഷം മുന്‍പേ ഉദ്ഘാടനത്തിനൊരുങ്ങിയതായിരുന്നു ഈ സ്റ്റേഡിയം. നിലമൊരുക്കുന്നതിലടക്കം വലിയ അപാകമുണ്ടായത് ‘മാതൃഭൂമി’ പുറത്തുകൊണ്ടുവന്നതോടെ അടിമുടി മാറ്റേണ്ടിവന്നു അധികാരികള്‍ക്ക്. സിന്തറ്റിക്കോ മരമോ അല്ല നിലം ചായം പൂശിയതെന്ന തലക്കെട്ടില്‍ ‘മാതൃഭൂമി’യില്‍ വന്ന വാര്‍ത്തയ്ക്ക് മേല്‍, കളക്ടറുടെ നിര്‍ദേശപ്രകാരം സ്‌പോര്‍ടസ് കൗണ്‍സിലിന്റേതുള്‍പ്പെടെയുള്ള വിദഗ്ധ ടീം ഉണ്ടാക്കുകയും അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോളിയൂറത്തീന്‍ രീതിയില്‍ നിലമൊരുക്കുകയും ചെയ്തു. ഉദ്ഘാടനത്തിനെത്തിയവരെല്ലാം ‘മാതൃഭൂമി’യുടെ ഇടപെടലിനെ കുറിച്ചാണ് സംസാരിച്ചത്.
ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം. സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയാ ഷെരീഫ്, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍, കാസര്‍കോട് വികസനപ്പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, എം. ജഗദീഷ്, പ്രകാശന്‍ പള്ളിക്കുടിയന്‍ എന്നിവര്‍ സംസാരിച്ചു. അതിനിടെ സ്റ്റേഡിയം വിട്ടുകിട്ടാന്‍ കാസര്‍കോട് വികസനപ്പാക്കജ് ഓഫീസര്‍ക്ക് നഗരസഭ കത്ത് നല്‍കി.
നഗരസഭയ്ക്കു വിട്ടുകിട്ടിയാല്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് സ്റ്റേഡിയം നടത്തിപ്പ് കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് വി.വി. രമേശന്‍ പറഞ്ഞു.




