’93 ഡിപ്പോകളില്‍ 85 ശതമാനവും ലാഭത്തില്‍, 883 കോടി രൂപ അടച്ചു തീര്‍ത്തു’; കെഎസ്ആര്‍ടിസിയുടെ കണക്ക് നിരത്തി മന്ത്രി
കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്ക് സഭയില്‍ നിരത്തി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസുകള്‍ സിഎന്‍ജിയിലേക്ക് മാറുമെന്നും ഗ്രാമീണ മേഖലയില്‍ ചെറുബസുകള്‍ സര്‍വീസ് തുടങ്ങുമെന്നും മന്ത്രി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്ക് നിരത്തി മന്ത്രി കെ.ബി. ?ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 85 ശതമാനം ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി സഭയില്‍ അറിയിച്ചു. ഒന്‍പത് കോടി രൂപയാണ് ഡിപ്പോകളുടെ ടാര്‍ജറ്റ്. ലാഭത്തിലേക്ക് എത്തിക്കാന്‍ ജീവനക്കാ പരമാവധി ശ്രമിക്കുന്നുണ്ട്. ബസുകള്‍ ഘട്ടം ഘട്ടമായി സിഎന്‍ജിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വിളിച്ചു. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി.
പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസിയുടെ പെട്രോള്‍ പമ്പ് ഉടന്‍ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോള്‍ പമ്പുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ സാധിച്ചു. പിഎഫ് ക്ലോഷര്‍, എന്‍പിഎസ്, പെന്‍ഷന്‍ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നല്‍കാനുള്ള പണം എല്ലാം ചേര്‍ത്ത് ഡിസംബര്‍ മുതല്‍ ഇതുവരെ 883 കോടി രൂപ അടച്ചുതീര്‍ത്തു. നേട്ടങ്ങള്‍ കൈവരിക്കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് അടക്കം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറിയര്‍ സര്‍വീസ് വീട്ടുപടിക്കല്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാര്‍ട്അപ്പ് സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. വീടുകളില്‍ നിന്ന് കൊറിയര്‍ ശേഖരിക്കുകയും വീടുകളില്‍ നേരിട്ട് കൊറിയര്‍ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതില്‍ ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.