കാസര്‍കോട് മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ട്, വലിയ തുക ചെലവാക്കിയ
വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഇറാനിലേക്ക് മടങ്ങിപ്പോകാനാകാതെ ബുദ്ധിമുട്ടിലായത്. 35 ലക്ഷത്തിലേറെ രൂപ മുടക്കിയെത്തി, രണ്ടാം സെമസ്റ്റര്‍ പുര്‍ത്തിയാകുമ്പോഴേക്കും രണ്ടാം തവണയാണ് യുദ്ധഭീതി കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നതെന്ന് ഇറാനിലെ കെര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് 13 വിദ്യാര്‍ഥികളാണ് കെര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായുള്ളത്. സംഘര്‍ഷസാധ്യതാ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍തന്നെ, ജനുവരി 22ന് ഇവരെല്ലാം നാട്ടിലേക്കു മടങ്ങി. 8 മാസം മുന്‍പും സമാന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ പ്രിന്‍സ് കോംപൗണ്ടിലെ ഫാത്തിമ ഫിദ ഷിറിന്‍ അബ്ദുല്‍ ഹക്കീം, കാസര്‍കോട് ആലംപാടി നസ്ര ഫാത്തിമ, കോഴിക്കോട് ഉള്ളിയേരിയിലെ രന ഫാത്തിമ, മലപ്പുറം മഞ്ചേരിയിലെ വി.ജിംഷ, മലപ്പുറം കോട്ടയ്ക്കലിലെ ഫര്‍സാന മാചിന്‍ചേരി, പറവൂര്‍ സി.എ.മുഹമ്മദ് ഷഹബാസ് തുടങ്ങിയവരാണ് മടങ്ങിയെത്തിയത്.
സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ല. പക്ഷേ, പുറത്തിറങ്ങുന്നതിനു നിയന്ത്രണം നിലവില്‍ വന്നു. കയ്യില്‍ പണം ഇല്ലാത്ത സ്ഥിതിയുമായി. ബസില്‍ 6 മണിക്കൂര്‍ യാത്ര ചെയ്താണ് ഷിരാസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. അവിടെനിന്ന് മസ്‌കത്ത് വഴി കോഴിക്കോട്ടെത്തി. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ കോളജുമായി ബന്ധപ്പെടാനാകുന്നില്ല. ഇതിനിടെ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കോഓര്‍ഡിനേറ്ററും നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ ചെന്നൈ സ്വദേശി ശ്രീറാമിനെ ചിലര്‍ക്ക് ഇതിനിടെ ഫോണില്‍ കിട്ടിയിരുന്നു. അവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു ശ്രീരാമിന്റെ മറുപടി.
5 വര്‍ഷത്തിനിടയിലാണ് ഇറാനിലേക്ക് മലയാളി വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനായി പോകുന്ന ട്രെന്‍ഡ് വര്‍ധിച്ചത്. കെര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ കേരളം, തമിഴ്നാട്, ന്യൂഡല്‍ഹി, കശ്മീര്‍, ആന്ധ്ര, യു പി സംസ്ഥാനങ്ങളിലെയും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, സുഡാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെയും വിദ്യാര്‍ഥികളുണ്ട്. മലയാളികള്‍ മടങ്ങിയെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ അവിടെ തുടരുകയാണ്. ഏതാനും വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചതോടെ തിരികെപ്പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. ഭാവിയെ ബാധിക്കാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.




