ജാസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം ; ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ബി.കോം വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതി ഡോക്ടര്‍ സിറിയക് പി. ജോര്‍ജിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്ത സാഹചര്യത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോള്‍ സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോര്‍ജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഡോ. സിറിയക് പി ജോര്‍ജ്. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ജാസ്ലിയ യാത്രയാകുന്നത്.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിക്കും കൈമാറും.




