തെരുവുവിളക്കുകള്‍ കണ്ണടച്ചു മലയോരഹൈവേ ഇരുട്ടില്‍

മഞ്ചേശ്വരം : തെരുവുവിളക്കുകള്‍ കണ്ണടച്ചതോടെ മലയോരഹൈവേ
ഇരുട്ടിലായി. കേരള-കര്‍ണാടക അതിര്‍ത്തിയായ നന്ദാരപ്പദവ് മുതല്‍ ആരംഭിക്കുന്ന ഹൈവേയില്‍ പലയിടത്തായി സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകളാണ് രണ്ടുവര്‍ഷത്തിലേറെയായി കേടായിക്കിടക്കുന്നത്.

റോഡില്‍ വെളിച്ചം വിതറുന്നതിനായി നിശ്ചിത അകലങ്ങളില്‍ സോളാര്‍വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദുരിതമാവുകയാണ്.

ബാറ്ററികള്‍ എവിടെ?
നന്ദാരപ്പദവ് മുതല്‍ ചേവാര്‍ വരെയുള്ള ആദ്യറീച്ചില്‍ 23 കിലോമീറ്ററാണ് ദൂരം. ഈ ഭാഗത്താണ് പലയിടത്തായി സ്ഥാപിച്ച വിളക്കുകള്‍ കേടായിക്കിടക്കുന്നത്.
ചിലയിടങ്ങളില്‍ കേടായ വിളക്കുകളുടെ ബാറ്ററികള്‍ അഴിച്ചുകൊണ്ടുപോയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലേറെയായിട്ടും ഇവ പുനഃസ്ഥാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നാട്ടുകാരും വിവിധ സംഘടനകളും നവകേരളസദസ്സിലും പൊതുമരാമത്തുവകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
സാധാരണനിലയില്‍ പൊതുമരാമത്തുവകുപ്പ് റോഡുകളിലുള്ള തെരുവുവിളക്കുകളുടെ പരിപാലനം അതതു പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്. ഇതിന്റെ വിവരങ്ങള്‍ രേഖാമൂലം അവര്‍ക്ക് കൈമാറുകയാണ് പതിവ്. തുടര്‍ന്നുള്ള അറ്റകുറ്റപ്പണി, ഉപയോഗിച്ച വൈദ്യുതിയുടെ പണം അടയ്ക്കല്‍ എല്ലാം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇവിടെ സൗരവിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
എന്നാല്‍, മലയോരഹൈവേ കടന്നുപോകുന്ന വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതുമരാമത്തുവകുപ്പ് നല്‍കിയിട്ടില്ല. ആദ്യറീച്ചില്‍ പലയിടത്തും റോഡിനോട് ചേര്‍ന്നുള്ള നടപ്പാതകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമെല്ലാം മികച്ചരീതിയിലാണ് നിര്‍മിക്കപ്പെട്ടതെങ്കിലും വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്.

Scroll to Top